മുണ്ടക്കൈ ദുരന്ത വാർഷികത്തിന് ഒന്നര മാസം ദുരിതമൊഴിയാതെ ഉരുൾബാധിതർ

Sunday 22 June 2025 12:44 AM IST
കൽപ്പറ്റ കാരാപ്പുഴ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിജയലക്ഷ്മി. ചൂരൽമല സ്കൂൾ റോഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഫോട്ടോ: അനന്തുആരിഫ

കൽപ്പറ്റ: ഉരുൾദുരന്ത വാർഷികത്തിന് ഇനി ഒന്നര മാസമേയുളളൂ. എന്നിട്ടും ഒന്നും എങ്ങുമെത്തുന്നില്ല. എല്ലാം നടക്കുന്നുണ്ട്. പക്ഷെ, ഒച്ചിന്റെ വേഗതയിൽ. എന്നിട്ടും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ ഉരുൾ ദുരിതബാധിതർ. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം നടന്നിട്ടും കേന്ദ്രം കനിയാത്തതാണ് ഉരുൾ ദുരിതബാധിതർക്കുളള ആദ്യത്തെ തിരിച്ചടി. ആര് സഹായിച്ചില്ലെങ്കിലും ഉരുൾ ദുരിതരെ കൈവെടിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാക്കാണ് ഉരുൾ ദുരിതബാധിതരെ ഇതുവരെയും മുന്നോട്ടുനയിക്കാൻ പ്രേരിപ്പിച്ചത്.

വായ്പ എഴുതിത്തളളുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം ഉരുൾദുരിതബാധിതർക്ക് തിരിച്ചടിയായി. വായ്പ എഴുതിത്തളളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി. വായ്പകൾ എഴുതിത്തളളുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കഴിഞ്ഞ ഏപ്രിൽ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിട്ടി അണ്ടർ സെക്രട്ടറി ചന്ദൻസിംഗ് വായ്പ എഴുതിത്തളളാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകുന്ന വാടകയിൽ കഴിയുന്ന ഉരുൾദുരിത ബാധിതർക്ക് വായ്പ ഉറക്കംകെടുത്തുകയാണ്. 35 കോടിയോളം രൂപയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ഇവർക്കുളളത്. എന്നാൽ കുടുംബശ്രീ വായ്പ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എഴുതിത്തളളുന്നതിന്റെ നടപടികൾ അന്തിമഘട്ടത്തിലാണ്. മേപ്പാടിയിലെ മൂന്ന് ബാങ്കുകളിലായി അയൽക്കൂട്ട അംഗങ്ങൾക്കുളള 1.85 കോടി രൂപയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കും. ദുരന്തബാധിതരുടെ കേരള ബാങ്കിലുളള 3.85 കോടി രൂപയുടെ ബാദ്ധ്യത കേരളബാങ്ക് എഴുതിത്തളളിയിരുന്നു.

പ്രവൃത്തികൾക്ക് വേഗത പോര

ടൗൺ ഷിപ്പ് നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്നാണ് പറഞ്ഞത്.നിർമ്മാണ പ്രവൃത്തിക്ക് വേണ്ടത്ര വേഗതയില്ലെന്നാണ് പരാതി. എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും ഏറ്റെടുത്ത 64 ഹെക്ടർ സ്ഥലത്താണ് ടൗൺഷിപ്പ് . 400 ഓളം വീടുകളാണ് ഇവിടെ നിർമ്മിക്കുക. വിവിധ സെക്ടറുകളിലായി വീട് നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ ഒരു സെക്ടറിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ. മാതൃകാ വീടിന്റെ നിർമ്മാണം മാത്രമാണ് അൽപ്പമെങ്കിലും നടന്നിട്ടുള്ളത്. മറ്റ് വീടുകളുടെ ഫൗണ്ടേഷൻ നിർമ്മാണമാണ് നടക്കുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ ഇതുവരെയും തയ്യാറാക്കിയിട്ടില്ല. ടൗൺഷിപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കാൻ കഴിഞ്ഞില്ല. പല ഗുണഭോക്താക്കൾക്കും സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ട്. ടൗൺഷിപ്പ് പദ്ധതിയിൽ ഇവർ ഉണ്ടാകില്ല. വലിയ പാറകളും കൂറ്റൻ മരങ്ങളും വീണ് ഒഴുക്ക് നഷ്ടപ്പെട്ട പുന്നപ്പുഴയെ പഴയ രൂപത്തിലാക്കാനുളള പ്രവൃത്തി ഏപ്രിൽ 16ന് തുടങ്ങിയതാണ്. പ്രവൃത്തിക്കും വേഗത പോര. ജലവിഭവ വകുപ്പാണ് മേൽനോട്ടം.