യാത്രക്കാർക്ക് സന്തോഷ വാർത്ത; കേരളത്തിന് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, ഉപകാരപ്പെടുന്നത് നാല് ജില്ലക്കാർക്ക്
പാലക്കാട്: കോഴിക്കോട് - പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. രാവിലെ 10.00ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 1.05് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയക്രമീകരിച്ചിരിക്കുന്നത്.
പാലക്കാട് നിന്നും ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 7.40നാണ് കണ്ണൂരിലെത്തുക. ഷോർണൂർ - കണ്ണൂർ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. പുതിയ ട്രെയിൻ ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.
പകല്‍ സമയത്ത് പോലും മണിക്കൂറുകളോളം കാത്തിരുന്നാലാണ് പാലക്കാട് - കോഴിക്കോട് റൂട്ടിലേക്ക് യാത്രക്കാര്‍ക്ക് ട്രെയിന്‍ കിട്ടുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി ആളുകള്‍ ദിവസേന യാത്ര ചെയ്യുന്ന ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ കാര്യം യാത്രക്കാര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി എന്നതാണ് മറ്റൊരു കാര്യം. ജനപ്രതിനിധികളും റെയില്‍വേ ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം നിരവധി തവണ ഉന്നയിച്ചതാണ്. ഈ ആവശ്യം പരിഗണിച്ചാണ് റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചത്.
പാലക്കാട് ജംഗ്ഷന്‍ (ഒലവക്കോട്) റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പകല്‍ സമയത്തെ ആദ്യത്തെ ട്രെയിന്‍ രാവിലെ ഏഴ് മണിക്കാണ്. 9.10ന് ഇത് കോഴിക്കോട് എത്തിച്ചേരും. കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റിയാണ് ഈ ട്രെയിന്‍. 11.15ന് പാലക്കാട് എത്തി ഉച്ചയ്ക്ക് 2.10ന് കോഴിക്കോട് എത്തുന്ന യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസ് ആണ് രണ്ടാമത്തെ ട്രെയിന്‍. വൈകുന്നേരം 4.10ന് ആണ് പിന്നീട് പാലക്കാട് നിന്ന് കോഴിക്കോടേക്ക് ട്രെയിനുള്ളത്.
കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള സ്ഥിതിയും ഇത് തന്നെയാണ്. രാവിലെ 10.40നു പാലക്കാട് എത്തുന്ന കണ്ണൂര്‍ - കോയമ്പത്തൂര്‍ ട്രെയിനാണ് കോഴിക്കോട് പാലക്കാട് റൂട്ടിലെ ആദ്യ ട്രെയിന്‍. ഉച്ചയ്ക്ക് 1.55നു പാലക്കാട് എത്തുന്ന മംഗളൂരു - ചെന്നൈ എക്‌സ്പ്രസ്, വൈകിട്ട് 5ന് എത്തുന്ന മംഗളൂരു - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, 5.30ന് എത്തുന്ന മംഗളൂരു - കോയമ്പത്തൂര്‍ എക്‌സ്പ്രസ് തുടങ്ങിയവയാണ് പകല്‍സമയത്തെ മറ്റു ട്രെയിനുകള്‍. പിന്നീട് കോഴിക്കോടു നിന്ന് 5.30ന് പുറപ്പെടുന്ന ചെന്നൈ മെയില്‍ രാത്രി 8.30നാണ് പാലക്കാട് എത്തുക.