പുലി കടിച്ചുകൊന്ന ബാലികയുടെ മൃതദേഹം കണ്ടെത്തി
Sunday 22 June 2025 12:44 AM IST
മലക്കപ്പാറ: വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലി കടിച്ചുകൊണ്ടുപോയ നാലര വയസുകാരി റുസിനിയുടെ മൃതദേഹം കണ്ടെത്തി. മുന്നൂറ് മീറ്റർ അകലെ കാട്ടിൽ വികൃതമായ നിലയിലായിരുന്നു മൃതദേഹം. പകുതിയോളം ഭാഗം പുലി ഭക്ഷിച്ചിരുന്നു. തലയിലും മുറിവുണ്ട്. തമിഴ്‌നാട് വനംവകുപ്പും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി തെരച്ചിൽ നടത്തിയാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ജാർഖണ്ഡ് സ്വദേശി മനോജ് കുന്തയുടെ മകളാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്. വനപാലകരും നാട്ടുകാരും ചേർന്ന് രാത്രി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.