ലഹരിക്കെതിരെ 'വടി"യെടുത്ത് 'ബി റിയൽ" അദ്ധ്യാപകർ

Sunday 22 June 2025 12:50 AM IST

ആലപ്പുഴ: ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് മുൻ അദ്ധ്യാപകരും സുഹൃത്തുക്കളുമായ കുഞ്ഞുമോളും മറിയവും. ബി റിയൽ എന്ന പേരിലാണ് കുട്ടികൾക്കായി സൗജന്യ ബോധവത്കരണ ക്ലാസെടുക്കുന്നത്. കഴിഞ്ഞ ജൂലായിലാണ് ക്ലാസാരംഭിച്ചത്.

കഴിഞ്ഞ വർഷം എൽ.പി, യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമാണ് ക്ലാസെടുത്തത്. ഇത്തവണ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമാണ് ക്ലാസ്. സ്വന്തം ചെലവിൽ ആലപ്പുഴ നഗരത്തിലെ ഏതാണ്ട് എല്ലാ സ്‌കൂളുകളിലും ക്ലാസെടുത്തു. ലഹരി, കുട്ടികളിലെ അക്രമവാസന, ഡിജിറ്റൽ അടിമത്തം എന്നിവയ്ക്കെതിരെയാണ് ബോധവത്കരണം.

ആലപ്പുഴ പുന്നപ്ര കളത്തിൽ വീട്ടിൽ കെ.എ. കുഞ്ഞുമോൾ 33 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് കഴിഞ്ഞവർഷമാണ് വിരമിച്ചത്.

പുന്നപ്ര സെന്റ് ജോസഫ് സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപികയായിരുന്നു. ബീച്ച് വാ‌ർഡ് പേൾ വ്യൂ വീട്ടിൽ മറിയം ജോസഫ് 33 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് വിരമിച്ചത്. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ എച്ച്.എമ്മായിരുന്നു.

 സൗഹൃദത്തിൽ പിറന്ന 'ബി റിയൽ"

20 വർഷം മുമ്പ് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. സൈക്കോളജി ഡിപ്ലോമ ബിരുദധാരികൂടിയാണ് മറിയം. സൗഹൃദ സംഭാഷണത്തിൽ നിന്നാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണമെന്ന ആശയമുണ്ടായത്. തുടർന്ന് അലപ്പുഴ നഗരസഭയെ സമീപിച്ചു. നഗരസഭ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫണ്ടില്ലെന്നായിരുന്നു മറുപടി. അതോടെയാണ് സൗജന്യമായി ക്ലാസെടുക്കാൻ തീരുമാനിച്ചത്. എന്നാൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത സഹായിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. ഇത്തവണത്തെ നഗരസഭ ബ‌ഡ്ജറ്റിലും 'ബി റിയലിനെ" ഉൾപ്പെടുത്തി.

കുട്ടികളുടെ മുഖം കാണുമ്പോൾ തന്നെ അദ്ധ്യാപകർക്ക് കാര്യങ്ങൾ മനസിലാകും. അദ്ധ്യാപന ജീവിതത്തിൽ നിന്ന് ലഭിച്ച അനുഭവസമ്പത്താണ് ഞങ്ങളുടെ കരുത്ത്. ചെറുപ്രായത്തിൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുണ്ട്".

- കുഞ്ഞുമോൾ, മറിയംജോസഫ്