മന്ത്രി ശിവൻകുട്ടിക്ക് നേരെ കോഴിക്കോട്ട് കരിങ്കൊടി പ്രതിഷേധം
കോഴിക്കോട്: ഭാരതാംബ വിവാദത്തിലും, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നേരെ യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്.എഫ്.ഐക്കാർ തടഞ്ഞതോടെ ഇരുകൂട്ടരും തെരുവിൽ തമ്മിൽത്തല്ലി.
മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു രംഗത്തെത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിക്ക് നേരെ കെ.എസ്.യു കരിങ്കൊടി കാണിക്കുകയും ഫ്രെറ്റേണിറ്റി മൂവ്മെന്റ് മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.