അക്ഷയകേന്ദ്രത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ജീവനക്കാരിക്ക് പരിക്ക്
കൊല്ലം: പുത്തൂർ മാവടിയിൽ അക്ഷയ കേന്ദ്രത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് ജീവനക്കാരിക്ക് പരിക്കേറ്റു. ആറ്റുവാശേരി ശ്രീജാ വിലാസത്തിൽ ശ്രീജാദേവിക്കാണ് (42) പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. കോട്ടാത്തല പനച്ചിവിള വീട്ടിൽ ചന്ദ്രലേഖയുടെ ഉടമസ്ഥതയിലുള്ള അക്ഷയ കേന്ദ്രമാണ്. മാവടി ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. മഴയെ തുടർന്ന് ഈർപ്പം പിടിച്ച ഭിത്തി കുതിർന്ന് ഇടിഞ്ഞുവീണതാണെന്നാണ് അനുമാനം. അക്ഷയ കേന്ദ്രം അടച്ചിട്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീജാദേവി. പോകാനൊരുങ്ങവെ എത്തിയ വീട്ടമ്മയ്ക്ക് അക്ഷയ കേന്ദ്രം വഴി കമ്പ്യൂട്ടറിൽ ജോലി ചെയ്യേണ്ടിവന്നു. ഈ സമയത്താണ് ഭിത്തി ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ഭിത്തി ഇടിഞ്ഞുവീഴുകയും ശ്രീജാദേവിയുടെ ദേഹത്ത് പതിക്കുകയും ചെയ്തു. കമ്പ്യൂട്ടറും ഫാനുമടക്കം ഉപകരണങ്ങൾക്ക് തകരാറുണ്ടായി. ശബ്ദംകേട്ട് ഓടിയെത്തിയ ഓട്ടോക്കാരും സമീപത്തെ കച്ചവടക്കാരും രക്ഷാപ്രവർത്തനം നടത്തി. ഉടൻ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുത്തൂർ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു.