തിര. കമ്മിഷൻ തീരുമാനം ബൂത്തിലെ ദൃശ്യങ്ങൾ 45 ദിവസശേഷം നശിപ്പിക്കാം
ന്യൂഡൽഹി: പോളിംഗ് ബൂത്തിലെ വീഡിയോയും ഫോട്ടോകളും 45 ദിവസത്തേക്ക് മാത്രം സൂക്ഷിച്ചാൽ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതിപ്പെടാനുള്ള സമയപരിധിയാണിത്. തുടർന്നും സൂക്ഷിക്കുന്നത് വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കും. സ്വകാര്യതയും വോട്ടിംഗിന്റെ രഹസ്യസ്വഭാവവും നിലനിറുത്താൻ ബാദ്ധ്യതയുണ്ടെന്നും കമ്മിഷൻ പറയുന്നു.
ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു പ്രത്യേക ബൂത്തിൽ വോട്ടു കുറഞ്ഞാൽ സി.സി ടിവി ദൃശ്യങ്ങളിലൂടെ ആരൊക്കെ വോട്ടു ചെയ്‌തെന്നും ഇല്ലെന്നും തിരിച്ചറിയാൻ കഴിയും. അതുപയോഗിച്ച് വോട്ടർമാരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ഇടയുണ്ട്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനപ്പുറം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാൻ കഴിയില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങൾ മൂന്ന് മാസം മുതൽ ഒരു വർഷം വരെ സൂക്ഷിക്കണമെന്ന 2024 സെപ്‌തംബറിലെ ഉത്തരവാണ് കമ്മിഷൻ കഴിഞ്ഞ ദിവസം ഭേദഗതി ചെയ്‌തത്. തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചാൽ, കേസ് പൂർത്തിയാകുന്നതുവരെ ദൃശ്യങ്ങൾ സൂക്ഷിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന, പോളിംഗ്, വോട്ടെണ്ണൽ ദിവസങ്ങളിലെ നടപടികൾ തുടങ്ങിയവ ചിത്രീകരിക്കാറുണ്ട്. പോളിംഗ് പ്രക്രിയ തത്സമയ വെബ്‌കാസ്റ്റിംഗിലൂടെ നിരീക്ഷിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പൊതു പരിശോധനയ്ക്ക് വിധേയമാണെങ്കിലും ഇലക്‌ട്രോണിക് ദൃശ്യങ്ങൾ ഉൾപ്പെടുന്നില്ല.
ഉത്തരം നൽകാൻ ഉത്തരവാദിത്വമുള്ള സ്ഥാപനം തന്നെ തെളിവുകൾ ഇല്ലാതാക്കുന്നു. മെഷീൻ റീഡബിൾ വോട്ടർ പട്ടിക ഏർപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ച കമ്മിഷൻ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിക്കാനായി നിയമം മാറ്റിമറിച്ചു. ഇത് മാച്ച് ഫിക്‌സിംഗ് ആണ്.
രാഹുൽ ഗാന്ധി, ലോക്‌സഭ
പ്രതിപക്ഷ നേതാവ്