കെ.ജി.പരമേശ്വരൻ നായർ മാദ്ധ്യമരംഗത്തെ തലപ്പൊക്കം

Sunday 22 June 2025 12:59 AM IST

തിരുവനന്തപുരം: പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും പുരസ്കാര ലബ്ധിയിൽ തികഞ്ഞ സന്തോഷത്തിലാണ് 94-ാം വയസിലും കെ.ജി.പരമേശ്വരൻ നായർ. ഈ അംഗീകാരം താൻ ദീർഘകാലം ജോലിചെയ്തിരുന്ന കേരളകൗമുദിക്കുകൂടി ഉള്ളതാണെന്ന് കെ.ജി പറഞ്ഞു.

തൃക്കണ്ണാപുരത്തെ ഉമാമഹേശ്വരം വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കെ.ജി. നിയമസഭ റിപ്പോർട്ടിംഗിന് രാഷ്ട്രപതിയിൽ നിന്നുള്ളൾപ്പെടെ പുരസ്കാരം നേടിയിട്ടുണ്ട്. മൊബൈലും ഇന്റർനെറ്റ് സംവിധാനങ്ങളുമില്ലാത്ത കാലത്ത് വാർത്തയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ അദ്ദേഹം തന്റെ എക്‌സ്‌ക്യൂസീവുകൾ വാർത്തെടുത്തു. അതിർവരമ്പുകളില്ലാത്ത ബന്ധങ്ങളായിരുന്നു കെ.ജിയുടെ വാർത്തകളുടെ കാതൽ. നിയമസഭ റിപ്പോർട്ടിംഗിൽ അദ്ദേഹം എൻ‌സൈക്ലോപീഡിയായി.

ബിരുദപഠനാന്തരം 1961ൽ കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ സബ് എഡിറ്ററായും പിന്നീട് റിപ്പോർട്ടറായും പ്രവർത്തിച്ചു. ആദ്യജോലിയായ വാർത്ത ഏജൻസി കോപ്പി തർജ്ജിമചെയ്യലിൽ മികവുകാട്ടി. കോപ്പികളിലൊന്ന് വായിച്ച കെ.ബാലകൃഷ്ണൻ 'ദിസ് ബോയ് ഈസ് എ പ്രോമിസിംഗ് വൺ' എന്ന് പ്രഖ്യാപിച്ചു. 1963 ഓഗസ്റ്ര് എട്ടിനാണ് കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം ബ്യൂറോയിൽ കെ.വിജയരാഘവനെ സഹായിക്കുകയായിരുന്നു ആദ്യ ദൗത്യം. മൂന്നു പതിറ്റാണ്ടോളം നീണ്ട റിപ്പോർട്ടിംഗ് ജീവിതത്തിനിടയിൽ കേരള നിയമസഭയുടെ അതുവരെയുള്ള എല്ലാ സമ്മേളനങ്ങളും മുടങ്ങാതെ റിപ്പോർട്ട് ചെയ്തു. ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടിവരെയുള്ളവർ അദ്ദേഹത്തിന്റെ സൗഹൃദവലയത്തിലായി. ബേബി ജോൺ ഉൾപ്പെടെയുള്ള മന്ത്രിമാർ എക്കാലത്തും കെ.ജിക്ക് ഒരുവിളിപ്പാടകലെയായിരുന്നു.

നിയമസഭയെക്കുറിച്ച് സ്വായത്തമാക്കിയ അറിവും ഉൾക്കാഴ്ചയും 'കേരള നിയമസഭാ ചരിത്രവും ഉൾക്കാഴ്ചയും' എന്ന ഗ്രന്ഥത്തിന്റെ രചനയ്ക്ക് വഴിയൊരുക്കി.

1998ൽ കേരളകൗമുദിൽ നിന്ന് വിരമിച്ചശേഷം എട്ടുവർഷത്തോളം കോളമിസ്റ്റായി. 'കാണാപ്പുറം' എന്ന അദ്ദേഹത്തിന്റെ പംക്തി സമകാലിക കേരള രാഷ്ട്രീയത്തിന്റെ പരിച്ഛേദമായി. കേരളകൗമുദിയെ എന്നും ഹൃദയത്തിൽ കൊണ്ടുനടന്നു.ഇപ്പോഴും നല്ലൊരു വാർത്ത വന്നാൽ അത് എഴുതിയ ലേഖകനെ വിളിച്ച് അഭിനന്ദിക്കാൻ ഉത്സാഹം കാട്ടും.

കെ.സി.സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി. സുകുമാരൻനായർ അവാർഡ്, മികച്ച നിയമസഭ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങന 13 പുരസ്‌കാരങ്ങൾ ലഭിച്ചു. ഇതിൽ രണ്ടെണ്ണം രാഷ്ട്രപതിമാരായിരുന്ന ഡോ.കെ.ആർ.നാരായണൻ, ഡോ.എ.പി.ജെ അബ്ദുൾകലാം എന്നിവരിൽനിന്നുമാണ് സ്വീകരിച്ചത്. ഭാര്യ സംഗീതാദ്ധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മ,മക്കൾ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്). മരുമക്കൾ രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).