ട്രാക്കിന് ഭീഷണി: റെയിൽവേ 1500 മരങ്ങൾ മുറിക്കും

Sunday 22 June 2025 1:02 AM IST

കൊല്ലം: കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് കത്തിയ സംഭവത്തെ തുടർന്ന് ട്രാക്കിന് സമീപത്തെ അപകടാവസ്ഥയിലുള്ള മരങ്ങളെല്ലാം മുറിച്ചുനീക്കുന്നു. റെയിൽവേ കൊല്ലം എൻജിനിയറിംഗ് വിഭാഗത്തിന് കീഴിലുള്ള വർക്കല മുതൽ മൺറോത്തുരുത്തുവരെ നീളുന്ന ഭാഗത്ത് 1500 മരങ്ങൾ മുറിക്കും.

ഇതിനൊപ്പം 1600 മരങ്ങളുടെ ശിഖരങ്ങൾ കോതിയൊതുക്കാനുമാണ് തീരുമാനം. പട്ടിക തയ്യാറാക്കി കരാർ നൽകി മുറിച്ചുതുടങ്ങി. ഇന്നലെ മയ്യനാട്, കൂട്ടിക്കട, കാപ്പിൽ ഭാഗങ്ങളിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്. തീർത്തും അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ആദ്യം മുറിച്ചുമാറ്റും. റെയിൽവേയുടെ തുക ഉപയോഗിച്ചാണ് സ്വകാര്യ ഭൂമിയിലെ മരങ്ങൾ ഉൾപ്പടെ മുറിച്ചുമാറ്റുന്നത്.

വൈദ്യുതി ബോർഡിന്റെ ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ ചില്ലറ നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും റെയിൽവേയുമായി സഹകരിച്ച് ലൈൻ അഴിച്ചുമാറ്റി മരംമുറിക്കാൻ സൗകര്യമൊരുക്കുന്നുമുണ്ട്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ തടിയും ചില്ലകളുമടക്കം അതാത് ഉടമസ്ഥന് നൽകുകയാണ്. നല്ല കായ്ഫലമുള്ള തെങ്ങുകൾ മുറിക്കുന്നതിനെ ചൊല്ലി ചില്ലറ തർക്കങ്ങളും കഴിഞ്ഞ ദിവസമുണ്ടായി. തർക്കമുള്ളിടത്ത് നോട്ടീസ് നൽകുന്നുമുണ്ട്. ഏത് സാഹചര്യത്തിലും റെയിൽവേ ലൈൻ സുരക്ഷിതമാക്കുകയെന്ന കർശന നിർദ്ദേശമാണ് റെയിൽവേ അധികൃതർ നൽകിയിട്ടുള്ളത്.

കോർപ്പറേഷന്റെ മരങ്ങൾ മുറിച്ചു

പോളയത്തോടിനും കപ്പലണ്ടിമുക്കിനും ഇടയിലുള്ള ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച കടപുഴകിയ മഹാഗണി മരം റെയിൽവേയുടെ വൈദ്യുതി ലൈനിൽ തട്ടി ആളിക്കത്തിയിരുന്നു. വഞ്ചിനാട് എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. തുടർന്ന് മണിക്കൂറുകളാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഈ സംഭവത്തിന് ശേഷമാണ് മരം മുറിക്കലിന് വേഗത കൈവന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഏഴ് മരങ്ങൾ മുറിച്ചുനീക്കി. തൊട്ടടുത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു മരവും മുറിച്ചു. റെയിൽവേ സാധാരണ മഴക്കാലമെത്തും മുമ്പ് കരാർ നൽകി ട്രാക്കുമായി ബന്ധപ്പെടുന്ന മരങ്ങൾ മുറിച്ചുനീക്കാറുണ്ടെങ്കിലും ഇക്കുറി കാര്യമായി മരംമുറി നടന്നിരുന്നില്ല. മരംവീണ സംഭവത്തിന് ശേഷം 'ഇനിയും വീഴാൻ നാളെണ്ണി മരങ്ങൾ' എന്ന തലക്കെട്ടിൽ 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.