സോഷ്യൽ മീഡിയയിൽ മഞ്ഞൾപ്പൊടി തരംഗം!
കൊല്ലം: പുതുമ തോന്നിയില്ലേലും ചുമ്മാ പരീക്ഷിച്ചവരൊക്കെ ഇപ്പോൾ മഞ്ഞൾപ്പൊടി ട്രെന്റിനൊപ്പമാണ്. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നല്ലൊരു പങ്കും മഞ്ഞൾപ്പൊടി വിസ്മയമാണ്. ഒരു ഗ്ളാസ് വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത്, ഫ്ളാഷ് ലൈറ്റ് ഓൺ ചെയ്ത ഫോൺ ഉപയോഗിച്ച് അതിന്റെ നിറഭേദങ്ങൾ നിരീക്ഷിക്കുന്നതാണ് തരംഗം.
വീഡിയോ പകർത്തി മ്യൂസിക്കിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിലെ മ്യൂസിക്കാണ് ട്രെന്റ്. ഫേസ് ബുക്കിലും വാട്സ് അപ്പിലും ഇൻസ്റ്റയിലുമടക്കം മഞ്ഞൾപ്പൊടി വിസ്മയം നിറഞ്ഞു. കുട്ടികളും മുതിർന്നവരുമടക്കം ട്രെന്റിനൊപ്പം ചേരുകയാണ്. മഞ്ഞളിന് ഒത്തിരി ഗുണങ്ങളുണ്ടെങ്കിലും ഇങ്ങനെയൊരു വിസ്മയമൊരുക്കാൻ ശേഷിയുണ്ടെന്ന് ഇപ്പോഴാണ് പലരുമറിഞ്ഞത്. അതുകൊണ്ടുതന്നെ അടുക്കളയിലെ മഞ്ഞൾപ്പൊടി കുറഞ്ഞുവരുന്നതിന്റെ പരിഭവങ്ങളുമുണ്ട്. മഞ്ഞൾപ്പൊടിക്ക് പിന്നാലെ ഉജാലയും നീലവുമൊക്കെ ഇത്തരത്തിൽ ഗ്ളാസിലിട്ട് വിസ്മയക്കാഴ്ചയൊരുക്കുന്നവരുമുണ്ട്.
സംഭവം സയൻസ്
മഞ്ഞൾപ്പൊടി വെള്ളത്തിൽ ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസത്തിന് ടിൻഡാൾ എഫക്ട് എന്നാണ് പറയുന്ന്. ടോർച്ചിന്റെ പ്രകാശം മഞ്ഞൾ കലർന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ കൂർകുമിൻ കണികകൾ മഞ്ഞ നിറത്തിലുള്ള പ്രകാശത്തെ കൂടുതൽ പ്രാധാന്യത്തോടെ വിസരിക്കുന്നു. ഇതാണ് വിസ്മയമാകുന്നത്.
ചിത്രീകരണം ഇങ്ങനെ
1. റൂമിലെ ലൈറ്റ് ഓഫാക്കുക
2. ഒരു ഗ്ലാസ്സ് തെളിഞ്ഞവെള്ളം
3. ഫ്ലാഷ് ഓണാക്കി മറിച്ചുവെച്ച ഒരു ഫോൺ
4. ഒരു സ്പൂൺ തരി കൂടിയ മഞ്ഞൾപ്പൊടി
5. ഷൂട്ട് ചെയ്യാൻ മറ്റൊരുഫോൺ
6. ഇഷ്ടമുള്ള പാട്ട് കൂട്ടിച്ചേർക്കാം