വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് 'ദേശീയപതാക കാവിക്കൊടിയാക്കണം'; മന്ത്രി ശിവൻകുട്ടിക്കും അധിക്ഷേപം
പാലക്കാട്: കാവിക്കൊടി ഇന്ത്യൻ ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി ദേശീയ കൗൺസിൽ മുൻഅംഗം എൻ.ശിവരാജൻ. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയിൽ ആർ.എസ്.എസ് ചിഹ്നങ്ങൾ പ്രദർശിപ്പിച്ച ഗവർണറെ അനുകൂലിച്ച്, പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് പരാമർശം.
കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ പതാക ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. സി.പി.എം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെ. കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പറഞ്ഞു.
പ്രസംഗത്തിനിടെ മന്ത്രി വി.ശിവൻകുട്ടിയെ ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പരാതി നൽകി
വിവാദ പ്രസ്താവനയിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ദേശീയപതാകയെ അവഹേളിച്ച ശിവരാജനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.