ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തോൺ ആശ്രാമത്ത്
കൊല്ലം: സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ളബിന്റെ നേതൃത്വത്തിൽ 'ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തോൺ' സംഘടിപ്പിക്കുന്നു. റേഡിയോ ബെൻസിഗറുമായി സഹകരിച്ച് ജൂലായ് 13ന് പുലർച്ചെ ആശ്രാമത്താണ് പരിപാടി. എൻ.സി.സി, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് ചിയറിംഗ് ടീം എന്നിവരുടെ സഹകരണവുമുണ്ടാകും.
അന്താരാഷ്ട്ര നിലവാരത്തിൽ ചിപ്പുകളും റീഡറുകളും ഉൾപ്പെടുത്തിയുള്ള പ്രൊഫഷണൽ മാരത്തോണാണ് നടത്തുക. പങ്കെടുക്കുന്നവർക്ക് റേസ് ടീഷർട്ട്, റൂട്ടിൽ ഹെൽത്ത് ഡ്രിങ്കുകൾ, കട്ട് ഫ്രൂട്ടുകൾ, ഫിനിഷർമാർക്ക് ലോകതലത്തിൽ അംഗീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റുകൾ, ലോക നിലവാരമുള്ള മെഡലുകൾ, ഓട്ടം പൂർത്തിയാക്കുന്നവർക്ക് റേസ് വില്ലേജിൽ 50 ഫിസിയോ തെറാപ്പിസ്റ്റുകൾ നൽകുന്ന സ്ട്രെച്ചിംഗ് പരിചരണങ്ങൾ, മെഡിക്കൽ സേവനങ്ങൾ, പ്രഭാത ഭക്ഷണം, വിവിധ കമ്പനികളുടെ സമ്മാനങ്ങൾ, വിവിധ കാറ്റഗറികളിലെ വിജയികളാകുന്ന 36 പേർക്ക് കാഷ് പ്രൈസുകൾ എന്നിവ നൽകും. മയക്കുമരുന്നിനെതിരെയുള്ള സന്ദേശം വഹിക്കുന്നതാണ് മാരത്തോൺ. 2500 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അറിയിച്ചു. ജൂലായ് 12ന് വൈകിട്ട് 4.30ന് കോർപ്പറേഷൻ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 13 വയസിൽ താഴെയുള്ള 1500 കുട്ടികളെ പങ്കെടുപ്പിച്ച് കിഡ്സ് റൺ സംഘടിപ്പിക്കുന്നുമുണ്ട്.
ടീ ഷർട്ട് പ്രകാശനം
മാരത്തോണിന്റെ ഭാഗമായുള്ള ഡി.ബി.എം ടീ ഷർട്ടിന്റെ പ്രകാശനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫാ.ഫെർഡിനന്റ് പീറ്റർ പ്രകാശനം നിർവഹിച്ചു. ചെയർമാൻ പി.കെ.പ്രവീണിന്റെ അദ്ധ്യക്ഷതയിൽ പ്രസ് ക്ളബ് ഹാളിൽ ചേർന്ന ചടങ്ങിൽ ജന.ക ൺവീനർ രാജു രാഘവൻ, വിജയരാജ്, അരുൺ എന്നിവർ സംസാരിച്ചു.