മന്ത്രിയുടെ പ്രോട്ടോകോൾ ലംഘനം: മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ഗവർണർ

Sunday 22 June 2025 1:11 AM IST

തിരുവനന്തപുരം : ഭാരതാംബ ചിത്രത്തിലെ പുഷ്പാർച്ചനയിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിൽ നിന്ന് വാക്കൗട്ട് നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധമറിയിക്കാൻ ഗവർണർ. എന്നാൽ ഇത് ഉടനില്ല.ഇന്ന് കൊച്ചിയിലേക്ക് പോകുന്ന ഗവർണർ ആർ.വി. ആർലേക്കർ നാളെ കോട്ടയത്തെ പരിപാടിയും കഴിഞ്ഞേ തിരുവനന്തപുരത്തു മടങ്ങിയെത്തൂ. ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിട്ടു കാര്യമില്ലെന്നാണു രാജ്ഭവൻ നിഗമനം. അതിനാലാണ് മുഖ്യമന്ത്രിയെ അറിയിക്കുന്നത്. കത്തു വഴിയാണോ നേരിട്ടു വേണോ എന്ന കാര്യത്തിൽ പിന്നീടാകും തീരുമാനം.

മന്ത്രിയുടെ പ്രോട്ടോകോൾ ലംഘനം ഭരണഘടനാപരമായ ചട്ടലംഘനമായി കരുതാൻ കഴിയില്ലെന്നാണ് രാജ്ഭവന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ചട്ടലംഘനവുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാനാകില്ല. അതിനാൽ കേന്ദ്രത്തിന് കത്തെഴുതേണ്ടതില്ലെന്നും ഗവർണർ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ റിപ്പോർട്ടിൽ മാത്രമാകും മന്ത്രി വി. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടുക.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് ഉടൻ ഉണ്ടാകില്ലെന്നാണ് വിവരം. മന്ത്രി വി.ശിവൻകുട്ടിയുടെ ബഹിഷ്കരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല.