സമ്പൂർണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അംഗീകാരം: ആരോഗ്യമന്ത്രി

Sunday 22 June 2025 1:15 AM IST

തൃശൂർ: മികച്ച പ്രവർത്തനങ്ങൾ നടത്തി സമ്പൂർണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. തൃശൂരിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

മറ്റുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രചോദനമാകാൻ ഇതേറെ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമ്പൂർണ യോഗ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ കേരളം സമ്പൂർണ യോഗ സംസ്ഥാനമായി മാറുകയെന്നുള്ളതാണ് ലക്ഷ്യം. യോഗ ഒരു ജീവിതരീതിയും സംസ്‌കാരവുമാണ്. എല്ലാവരും യോഗ അഭ്യസിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.ഡി.സജിത് ബാബു, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ടി.ഡി.ശ്രീകുമാർ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലീനാ റാണി, ഡോ.അഗ്‌നീസ് ക്ലീറ്റസ്, ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി, ഡോ.ആർ.ജയനാരായണൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ, ജില്ലാ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നിഖില നാരായണൻ എന്നിവർ പങ്കെടുത്തു.