ശോഭാശേഖർ സ്മാരക മാദ്ധ്യമപുരസ്‌കാരം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന ശോഭാ ശേഖറിന്റെ സ്മരണാർത്ഥം ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. സാമൂഹ്യ പ്രതിബദ്ധത, സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം, ഭിന്നശേഷി ക്ഷേമം എന്നിവ പ്രമേയമാക്കി വനിതകൾ സംവിധാനം ചെയ്ത് സംപ്രേഷണം ചെയ്ത പരിപാടിക്കാണ് പുരസ്‌കാരം. 2023, 2024 വർഷങ്ങളിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി,ടെലിഫിലിം, ടെലിവിഷൻ പ്രോഗ്രാം എന്നിവയാണ് പരിഗണിക്കുന്നത്. 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ പെൻഡ്രൈവിൽ സംപ്രേഷണത്തീയതി വ്യക്തമാക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം ജൂലായ് 20ന് മുമ്പ് സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം 1 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ് ചെയർമാൻ വി. സോമശേഖരൻ നാടാർ, പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.