തലയ്ക്ക്മുകളിൽ പാമ്പ്; ബസ് സ്റ്റാൻഡിലെത്തിയവർ ചിതറിയോടി, പിടികൂടിയത് ഏറെ പണിപ്പെട്ട്

Sunday 22 June 2025 9:47 AM IST

വയനാട്: പുൽപ്പളളി ബസ് സ്റ്റാൻഡിൽ യാത്രക്കാരെ പരിഭ്രാന്തരാക്കിയ പാമ്പിനെ പിടികൂടി. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന പഞ്ചായത്ത് സ്റ്റാൻഡിന് പിറകുവശം മുഴുവനും കാട് പിടിച്ച് കിടക്കുയാണ്. ഇവിടെ നിന്നാണ് ബസ് സ്റ്റാൻഡിലേക്ക് പാമ്പ് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ബസ് സ്റ്റാൻഡിന്റെ മേൽക്കൂരയിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പാമ്പിനെ കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു. വ്യാപാരികളും ബസ് ജീവനക്കാരും അറിയിച്ചതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകരെത്തിയാണ് പാമ്പിനെ പിടികൂടി സ്റ്റാൻഡിന് പുറത്തേക്ക് മാറ്റിയത്. ഇതിന് മുൻപും നഗരമദ്ധ്യത്തിൽ ബസ് സ്റ്റാൻഡിൽ പാമ്പുകളെത്തിയിട്ടുണ്ടെന്ന് വ്യാപാരികളും ബസ് ജീവനക്കാരും പറഞ്ഞു. സ്റ്റാൻഡിന് പിന്നിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നത്.