മലയാളികളിൽ ഹീമോഗ്ളോബിൻ വർദ്ധിക്കുന്നു, ആശുപത്രികളിൽ എത്തുന്നവരെ മടക്കി അയയ്ക്കേണ്ട അവസ്ഥ, വില്ലൻ എസിയും

Sunday 22 June 2025 11:43 AM IST

കൊച്ചി: കാൽ നൂറ്റാണ്ടിനിടെ ജീവിതശൈലിയിലും തൊഴിൽ സംസ്കാരത്തിലും കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പാർശ്വഫലമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ (എച്ച്.ബി) അളവ് ഉയരുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഇതുകാരണം രക്തദാനത്തിന് തയ്യാറായി വരുന്ന പലരെയും മടക്കി അയയ്ക്കേണ്ടിവരുന്നു.

ബ്ളഡ് ബാങ്കിൽ നിന്ന് തിരിച്ചയയ്ക്കേണ്ടി വരുന്ന ദാതാക്കളിൽ പലരുടെയും ഹീമോഗ്ലോബിൻ അളവ് 17 മുതൽ മുകളിലേക്കാണ്.നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിൽ നിബന്ധനപ്രകാരം രക്തം ദാനം ചെയ്യാൻ കുറഞ്ഞത് 12.5 ഗ്രാം/ഡെസിലിറ്റർ എച്ച്.ബി മതി. 16 ഗ്രാം/ഡി.എൽ വരെയുള്ളവരുടെ രക്തം സ്വീകരിക്കാറുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ.എൻ. വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. തണുപ്പു കൂടിയതും സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്നതുമായ പ്രദേശങ്ങളിൽ 18 ഗ്രാം/ഡി.എൽ വരെ അനുവദനീയമാണെന്ന് എറണാകുളം ഐ.എം.എ രക്ത ബാങ്ക് ആർ.എം.ഒ ഡോ.രമാ മേനോൻ പറഞ്ഞു.

ഈ പ്രദേശങ്ങളിൽ ഓക്സിസിജൻ സാന്ദ്രത കുറവാണെന്നത് കണക്കിലെടുത്താണിത്. അരുണ രക്താണുക്കളിലെ ഇരുമ്പ് (അയേൺ) സമ്പുഷ്ടമായ പ്രോട്ടീനാണ് എച്ച്.ബി. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നത് ഈ പ്രോട്ടീനാണ്. ശരീരത്തിൽ ഓക്സിജൻ കുറയുമ്പോൾ എച്ച്.ബി കൂടും.

അന്തരീക്ഷ മലിനീകരണം മാത്രമല്ല, എ.സിയും വില്ലൻ

ഉയർന്ന ഹീമോഗ്ലോബിൻ അവസ്ഥയെ പോളീസൈത്തീമിയ എന്നാണ് പറയുന്നത്. പാരമ്പര്യത്തിന് പുറമെ, തൊഴിൽ, പാരിസ്ഥിതിക ഘടകങ്ങളും ഇതിന് കാരണമാണ്. ശുദ്ധവായു കുറയുന്നത് എച്ച്.ബി അളവ് കൂട്ടും. ദീർഘനേരം എ.സിയിലിരുന്ന് ജോലി ചെയ്യുന്നത് ശ്വസനപ്രക്രിയയെ ബാധിക്കും. പുകവലിവഴി ശരീരത്തിൽ നിക്കോട്ടിൻ അടിയുന്നതും ഹാനികരം. ഇരുമ്പ് സമ്പുഷ്ടമായ റെഡ് മീറ്റ് നിരന്തരം കഴിക്കുന്നതും ചുവന്ന രക്താണുക്കളുടെയും എച്ച്.ബിയുടെയും അളവ് കൂട്ടും.

കൊച്ചി പോലെയുള്ള വ്യാവസായിക നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം, പുകപടലങ്ങളുമായുള്ള നിരന്തര സമ്പർക്കം തുടങ്ങിയവ കാരണം ഓട്ടോ, ട്രക്ക്, ബസ് ഡ്രൈവർമാരുടെ രക്തത്തിൽ എച്ച്.ബി കുടുതലാണ്. കൽപ്പണിക്കാർ, ടൈലുകൾ പാകുന്നവർ തുടങ്ങിയവരിൽ പൊടിപടലം കാരണവും ഇതു സംഭവിക്കുന്നു.