ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട പൊട്ടിച്ചു, പുറത്തുവന്ന മിശ്രിതം കണ്ട് ആലപ്പുഴക്കാരൻ ഞെട്ടി; പ്ളാസ്റ്റിക് മുട്ട അല്ല സംഭവം മറ്റൊന്ന്

Sunday 22 June 2025 1:12 PM IST

മാന്നാർ: വീടിനടുത്തുള്ള കടയിൽ നിന്ന് മുട്ട വാങ്ങി വീട്ടിലെത്തി ഓംലെറ്റ് ഉണ്ടാക്കാൻ പൊട്ടിച്ച് പാത്രത്തിൽ ഒഴിച്ചപ്പോൾ മാന്നാർ വിഷവർശേരിക്കര അപർണ ഭവനിൽ സുരേഷ് അമ്പരന്നു. മഞ്ഞവെള്ളം കലർന്ന മിശ്രിതം. മുട്ടത്തോടിനുള്ളിലെ ആവരണം പ്ലാസ്റ്റിക് പോലെ. പ്ലാസ്റ്റിക് മുട്ടയെ കുറിച്ചുള്ള വാർത്തകൾ കേട്ടിട്ടുള്ള സുരേഷ് പിന്നൊന്നും ചിന്തിച്ചില്ല. ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ സംഘം മുട്ട പരിശോധിക്കുകയും തുടർന്ന് ചെങ്ങന്നൂർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തതോടെ ഫുഡ് ഇൻസ്പെക്ടർ ആർ ശരണ്യയുടെ നേതൃത്വത്തിൽ മുട്ട വെള്ളത്തിലിട്ടും കുലുക്കിയും പരിശോധിച്ചു. മുട്ട പഴകിയതാണെന്നും ഉള്ളിലെ ജലാംശം നഷ്ടപ്പെട്ടതോടെ നേർത്ത പാട കട്ടിയായതാണെന്നും ഫുഡ് ഇൻസ്പെക്ടർ പറഞ്ഞതോടെയാണ് സുരേഷിന് ആശ്വാസമായത്. മുട്ടയുടെ പുറംതോടിൽ ധാരാളം സുക്ഷിരങ്ങളുണ്ടാകും. മുട്ട പഴകുംതോറും ഉള്ളിലെ ജലാംശം നഷ്ടപ്പെട്ട് കട്ടിയാകുന്നതാണ് പൊട്ടിച്ചു കഴിയുമ്പോൾ പ്ലാസ്റ്റിക് പോലെയാവുന്നതെന്നും ശരണ്യ വ്യക്തമാക്കി.

പഴകിയ മുട്ടയുടെ വിപണനം കണ്ടെത്തിയതിനെ തുടർന്ന് മുട്ട വാങ്ങിയ കടയിലും മറ്റും ഭക്ഷ്യ സുരക്ഷ - ആരോഗ്യ വകുപ്പ് വിഭാഗം പരിശോധന നടത്തി. പഴകിയ മുട്ടകളുടെ വിപണനം നടത്തരുതെന്ന് നിർദ്ദേശിച്ചു. ഫുഡ് ഇൻസ്പെക്ടർ ആർ.ശരണ്യയോടൊപ്പം മാന്നാർ സാമൂഹ്യാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെൻസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, പ്രേമ എന്നിവരടങ്ങുന്ന സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. വിരിയാത്ത മുട്ടകൾ തമിഴ്നാട്ടിലെ ഹാച്ചറികളിൽ നിന്നും വിപണനത്തിനായി കേരളത്തിലേക്കെത്തിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്.

മുട്ട വാങ്ങുമ്പോൾ ശ്രദ്ധിക്കുക

  • മുട്ട കയ്യിലെടുത്ത് കുലുക്കി നോക്കുക. കുലുക്കുമ്പോൽ മുട്ടയുടെ ഉള്ളിൽ നിന്നും വെള്ളം കുലുങ്ങുന്നതുപോലെയൊരു ശബ്ദം കേട്ടാൽ അത് നല്ല മുട്ടയാണ്.
  • കുറച്ച് വെള്ളത്തിലേക്ക് മുട്ട ഇട്ടാൽ അത് പൊങ്ങി കിടക്കുകയോ ഒഴുകി നടക്കുകയോ ആണെങ്കിൽ ചീഞ്ഞ മുട്ടയായിരിക്കും. മുട്ട വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയാണെങ്കിൽ നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം.
  • മുട്ട പൊട്ടിച്ചൊഴിക്കുമ്പോൾ വെള്ളയും മഞ്ഞയും കലർന്നിരിക്കുകയാണെങ്കിൽ അത് ചീഞ്ഞ മുട്ടയായിരിക്കും.
  • മുട്ട പൊട്ടിച്ചു നോക്കുമ്പോൾ മുട്ടയുടെ മഞ്ഞയിൽ ചുവപ്പ്‌ നിറമോ മറ്റോ കാണുകയാണെങ്കിൽ അത് ചീഞ്ഞതാണ്.