ശ്രീകുമാർ ആലപ്രയ്ക്ക് സംസ്ഥാന മാദ്ധ്യമ അവാർഡ്

Sunday 22 June 2025 6:47 PM IST

തിരുവനന്തപുരം: കേരളകൗമുദി കോട്ടയം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയ്ക്ക് 2023ലെ സംസ്ഥാന മാദ്ധ്യമ പുരസ്കാരം ലഭിച്ചു. 2023 ഒക്ടോബർ 25ന് 'അച്ഛാ വിടില്ല ഞാൻ ആ...' എന്ന ക്യാച്ച് വേഡിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നിന്റെയും, അച്ഛന്റെയും ചിത്രമായിരുന്നു അത്.

15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ് അറിയിച്ചു.

വിക്ടർ ജോർജ് പുരസ്‌ക്കാരം,സംസ്ഥന സർക്കാരിന്റെ എന്റെ കേരളം മാദ്ധ്യമ അവാർഡ്, സംസ്ഥാന സർക്കാരിന്റെ സരസ് മേള മാദ്ധ്യമ അവാർഡ്, ഫോട്ടോവൈഡ് അവാർഡ്, ലൂർദിയൻ ബാസ്‌കറ്റ്‌ബോൾ സ്‌പോർട്സ് അവാർഡ്,രാജീവ് ഗാന്ധി സെന്റർ അവാർഡ്... തുടങ്ങിയ പുരസ്കാരങ്ങൾ ശ്രീകുമാർ ആലപ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. കോട്ടയം മണിമല, ആലപ്ര, ശ്രീരംഗം വീട്ടിൽ പരേതനായ കെ.കെ.ദാമോദരൻ നായരുടേയും,ടി.കെ.ദേവകിയമ്മയുടേയും മകനാണ്. ഭാര്യ : രശ്മി ശ്രീകുമാർ,മക്കൾ : എസ്.ദേവനന്ദൻ, എസ്.ദേവദത്തൻ