യാത്രക്കാർക്ക് ആശ്വാസമായി: ആലുവ - പറവൂർ റൂട്ടിൽ ഇന്ന് മുതൽ 24 ട്രിപ്പുകൾ അധികം
ആലുവ: ആലുവയിൽനിന്ന് പറവൂർ റൂട്ടിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ഇന്ന് മുതൽ പരിഹാരമാകും. ഇരുവശത്തേക്കുമായി 48 അധിക ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. ഇന്ന് മുതൽ സർവീസ് നടത്തും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലും എം.എൽ.എ. ഉൾപ്പെടെയുള്ളവർ സ്ഥലത്തില്ലാത്തതിനാലും ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയതായി ആലുവ എ.ടി.ഒ. സുനിൽ കോടനാട് അറിയിച്ചു. ആലുവ, പറവൂർ ഡിപ്പോകൾ ഇതിനായി മൂന്ന് ബസുകൾ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഓരോ ബസിനും ദിവസം എട്ട് ട്രിപ്പുകൾ വീതമുണ്ടാകും. ഇതിനായി ആലുവയിൽ അധികമുണ്ടായിരുന്ന ഡ്രൈവർമാരെ പറവൂർ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ടൗൺ ടു ടൗൺ ബസുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പുതിയ ബസുകൾക്കായി നിയോഗിച്ചിട്ടുള്ളത്. ആലുവ ഡിപ്പോയിൽ 62 ബസുകൾ ഉണ്ടെങ്കിലും നിലവിൽ 57 ബസുകളാണ് സർവീസ് നടത്തുന്നത്. വിശ്രമത്തിലായിരുന്ന ബസുകളാണ് അധിക സർവീസിനായി ഉപയോഗിക്കുന്നത്.
ഏറെ നാളുകളായി പറവൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ആവശ്യത്തിന് ബസുകളില്ലാതെ ദുരിതത്തിലായിരുന്നു. ഇതേത്തുടർന്ന് മൂന്ന് മാസം മുമ്പ് ഈ റൂട്ടിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കാൻ തീരുമാനിച്ചതാണെങ്കിലും ജീവനക്കാരുടെ കുറവ് കാരണം നീണ്ടുപോവുകയായിരുന്നു. ഇതിനിടയിലാണ് കളമശ്ശേരി മണ്ഡലം തല അദാലത്തിൽ പരാതി എത്തിയത്. തുടർന്ന് മന്ത്രി പി. രാജീവ് ഇടപെട്ടാണ് പരിഹാരം.
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ പുതിയതായി ആരംഭിക്കുന്നവ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളായിരിക്കും. രാവിലെ 5:30ന് പറവൂരിൽനിന്ന് ആലുവയിലേക്ക് ആദ്യ സർവീസ് ആരംഭിക്കും. രാത്രി എട്ടിന് ആലുവയിൽനിന്നാണ് അവസാന ട്രിപ്പ്.
അധ്യയന വർഷാരംഭത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ ഈ പുതിയ സർവീസുകൾ എല്ലാവർക്കും പ്രയോജനകരമാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നേരത്തെ നടത്തിയ ചർച്ചയുടെ തുടർച്ചയായി കളമശ്ശേരിയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.