നാടിനാവശ്യം മനുഷ്യത്വം ഉള്ളവരെ: ഗവർണർ

Sunday 22 June 2025 8:29 PM IST

കൊച്ചി: മനുഷ്യത്വവും സമൂഹത്തെ സേവിക്കാൻ താത്പര്യവുമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിയണമെന്ന് ഗവർണറും കുസാറ്റ് ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. അച്ചടക്കമുള്ള ജീവിതമാണ് വിജയകരമാകുക. ഈ തിരിച്ചറിവുകളുള്ള യുവതലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്നും പറഞ്ഞു. കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗ് 18-ാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പരേഡിൽ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ, ഉന്നതവിജയംനേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സർവകലാശാലാ ഡീൻ, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വി.സി പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു, മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഓഫീസർ ജെ സെന്തിൽ കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. ബേബി എന്നിവർ പ്രസംഗിച്ചു.