ഹെഡിംഗ്‌ലി ടെസ്റ്റില്‍ കനത്ത പോരാട്ടം; ഇന്ത്യക്ക് ആറ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

Sunday 22 June 2025 8:48 PM IST
99 റണ്‍സ് നേടി പുറത്തായ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ നിരാശ

ഹെഡിംഗ്‌ലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ലീഡ്. ഇന്ത്യയുടെ സ്‌കോറായ 471നുള്ള ഇംഗ്ലീഷ് മറുപടി 465 റണ്‍സില്‍ അവസാനിച്ചു. ആറ് റണ്‍സിന്റെ നേരിയ മേല്‍ക്കൈ ആണ് മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്കുള്ളത്. 209ന് മൂന്ന് എന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. സെഞ്ച്വറി നേടിയ ഒലി പോപ്പിന്റെ വിക്കറ്റാണ് ഞായറാഴ്ച ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 106റണ്‍സ് നേടിയ പോപ്പിനെ പ്രസീദ്ധ് കൃഷ്ണ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചു.

ഹാരി ബ്രൂക് (99) സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ പുറത്തായി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (20), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (40) എന്നിവരുടെ വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 349ന് ആറ്. അവിടെ നിന്ന് ക്രിസ് വോക്‌സിനെ (38) കൂട്ടുപിടിച്ച് ബ്രൂക് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു സ്‌കോര്‍ 398ല്‍ എത്തിയപ്പോള്‍ ബ്രൂക്കിനെ പ്രസീദ്ധ് മടക്കി. ബ്രൈഡന്‍ കാഴ്‌സ (22) - വോക്‌സ് സഖ്യം ഇന്ത്യയില്‍ നിന്ന് ലീഡ് തട്ടിപ്പറിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കോര്‍ 453ല്‍ എത്തിയപ്പോള്‍ കാഴ്‌സിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി.

വോക്‌സിന്റെയും ജോഷ് ടംഗിന്റേയും (11) കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീലയിട്ടു. പതിനൊന്നാമനായി ഷൊയ്ബ് ബഷീര്‍ (1*) പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. പ്രസീദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുകള്‍ കിട്ടി.