ഇരുചക്ര വാഹന വിപണിയിൽ ആവേശമേറുന്നു

Monday 23 June 2025 12:53 AM IST

കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യകളും ആകർഷകമായ രൂപ ഭംഗിയുമായി രാജ്യത്തെ ഇരുചക്ര വിപണി ഉപഭോക്താക്കളുടെ മനം കീഴടക്കുന്നു. ജൂലായ് മാസത്തിന് ശേഷം യുവാക്കളെയും മദ്ധ്യവയസ്‌ക്കരെയും ലക്ഷ്യമിട്ട് കരുത്തും ആകർഷണവുമുള്ള നിരവധി ഇരുചക്ര വാഹനങ്ങളാണ് കമ്പനികൾ പുറത്തിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്നതിന് എല്ലാ വിഭാഗം ഉപഭോക്താക്കളെയും ആകർഷിക്കാൻ കഴിയുന്ന സ്പോർട്ടി ലുക്കും കരുത്തുള്ള സൗകര്യങ്ങളും അനായാസമായ യാത്രാസൗകര്യങ്ങളുമാണ് മുൻനിര കമ്പനികൾ ഒരുക്കുന്നത്. പുതിയ ഡിസൈൻ, പുതിയ എൻജിൻ, പുതിയ സൗകര്യങ്ങൾ എന്നിവയാണ് മുൻനിര വാഹന കമ്പനികൾ മുന്നോട്ടുവക്കുന്ന മുദ്രാവാക്യം.

റോയൽ എൻഫീൽഡ് ഗൊറില്ല 450

ഹിമാലയൻ 450 വലിയ വിജയമായതോടെ സാധാരണക്കാർക്കായി റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന കരുത്തേറെയുള്ള ഇരു ചക്ര വാഹന മോഡലാണ് ഗൊറില്ല 450. ഹിമാലയനെ പോലെ ശക്തിയുള്ള 450 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ മോഡലിലുമുള്ളത്. സാധാരണ റോഡുകളിൽ സഞ്ചരിക്കാനാകുന്ന തരത്തിൽ സീറ്റ് താഴ്ത്തി വച്ചിരിക്കുകയാണ്. ക്ളാസിക് ഡിസൈനും ആധുനിക പ്രകടനവും ഒത്തുചേരുന്ന മോഡലാണിത്.

പ്രതീക്ഷിക്കുന്ന വില

2.39 ലക്ഷം രൂപ

ഹീറോ മാവെറിക് 440

കഴിഞ്ഞ വർഷം പുതിയ കൺസെപ്റ്റായി ഹീറോ അവതരിപ്പിച്ച മാവെറിക്ക് 440 സെപ്തംബറിൽ നിരത്തിലെത്തും. മദ്ധ്യ വലുപ്പമുള്ള വാഹനങ്ങളുടെ ശ്രേണിയിലാണ് ഈ മോഡലിനെ ഉൾപ്പെടുത്തുന്നത്. 440 സി.സി എൻജിൻ, മസ്‌കുലർ സ്‌റ്റൈലിംഗ്, മികച്ച പെർഫോർമൻസ് എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ. ഫാന്റം ബ്ളാക്ക്, ഫിയർലെസ് റെഡ്, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

വില

2.25 ലക്ഷം രൂപ

യമഹ ആർ.ത്രി2025

യമഹ ആർത്രിയുടെ നവീകരിച്ച മോഡൽ ഈ വർഷം വിപണിയിലെത്തും. രൂപത്തിലും പ്രകടനത്തിലും നിരവധി മാറ്റങ്ങളുമായാണ് ആർ.ത്രി ഉപഭോക്താക്കളുടെ അടുത്തെത്തുന്നത്. പരമ്പരാഗത പ്രകടനത്തിനൊപ്പം പുതിയ സാങ്കേതികവിദ്യകളുടെ കരുത്തും വാഹനത്തിന് ഉപഭോക്തൃ താത്പര്യം വർദ്ധിപ്പിക്കും. കഴിഞ്ഞ മാർച്ചിലാണ് ആർ.ത്രി യമഹയുടെ പുതിയ മോഡൽ ജപ്പാനിൽ അവതരിപ്പിച്ചത്. 321 സിസി ട്വിൻ എൻജിനാണ് വണ്ടിയുടെ കരുത്ത്.

പ്രതീക്ഷിക്കുന്ന വില

3.8 ലക്ഷം രൂപ