കോഴിക്കോട്ടെ ബസ് സ്റ്റാന്റുകളിൽ ദുരിത പെയ്ത്ത്

Monday 23 June 2025 12:41 AM IST
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ വെള്ളക്കെട്ട്

കോഴിക്കോട്: മഴ കനത്തതോടെ കോഴിക്കോട് നഗരത്തിലെ ബസ്സ്റ്റാന്റുകളിൽ യാത്രക്കാർക്ക് ദുരിതം. മൊഫ്യൂസിൽ, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകൾ ചോർന്നൊലിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. തീപിടിത്തമുണ്ടായ മൊഫ്യൂസല്‍ സ്റ്റാന്റിൽ മേല്‍ക്കൂര ചോര്‍ന്നൊലിച്ച് വെള്ളക്കെട്ടുമുണ്ടാകുന്നു. മേല്‍ക്കൂരയിലെ ഷീറ്റ് ഇളകിയതാണ് കാരണം. വെള്ളക്കെട്ടിൽ യാത്രക്കാർ തെന്നി വീഴുന്നതും പതിവായിട്ടുണ്ട്. വൃദ്ധരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. സ്റ്റാൻറിനുള്ളിൽ വെള്ളത്തിൽ ചവിട്ടിവേണം ന‌ടക്കാൻ. ബസ് കാത്തിരിക്കുന്നിടത്തും വെള്ളമുണ്ട്. സിലിംഗിനും തൂണിനുമിടയിലൂടെ വെള്ളമിറക്കുന്നതാണ് കാരണം. സ്റ്റാന്റിനുള്ളിലെത്താനുള്ള ചെറുവഴികളിലും വെള്ളക്കെട്ടാണ്. വെള്ളത്തിൽ ചവിട്ടാതിരിക്കാൻ അവിടവിടെ വിരിച്ച ഇഷ്ടികയിൽ ചവിട്ടി വേണം നടക്കാൻ. ബസുകൾ നിറുത്തിയിടുന്ന ട്രാക്കുകളിലും വെള്ളക്കെട്ടുണ്ട്. 45 കോടി ചെലവിൽ സ്റ്റാന്റ് പുതുക്കിപ്പണിയാൻ പദ്ധതിയുണ്ട്. ഇതോടെ സാധാരണ നടത്താറുള്ള അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മേൽക്കൂരയിലെ പൊട്ടിയ ഷീറ്റുകൾ മാറ്റാതിരിക്കാനുള്ള കാരണം ഇതായിരിക്കാമെന്നാണ് വിവരം. ബസ് സ്റ്റാന്റ് പൊളിച്ച് വിപുലമായ സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ പണി എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ സ്ഥിതിയും ഭിന്നമല്ല. ബസ്സ്റ്റാന്റ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ രണ്ടാംനിലയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം തൂണുകളിലൂടെയും സ്ലാബുകള്‍ക്കിടയിലൂടെയുള്ള വിടവിലൂടെയും ചോര്‍ന്നൊലിച്ച് ബസ് സ്റ്റാന്റിനകത്തും പാര്‍ക്കിംഗ് സ്ഥലത്തും വെള്ളം കെട്ടിനില്‍ക്കുന്നു. ട്രാക്കില്‍ ഉള്‍പ്പെടെ പലഭാഗങ്ങളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്.

തെന്നി വീഴാനും സാദ്ധ്യത

കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ മദ്ധ്യഭാഗത്ത് സ്ലാബുകള്‍ക്കിടയിലെ വിടവിലൂടെ വെള്ളം താഴെക്ക് പതിച്ച് നിലത്തെ കോണ്‍ക്രീറ്റും ഇളകിയ നിലയിലാണ്. മിനുസമുള്ള തറയിൽ വെള്ളം നിൽക്കുന്നത് യാത്രക്കാർ തെന്നി വീഴാനുള്ള സാദ്ധ്യതയുണ്ടാക്കുന്നു. ബസ് സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ തന്നെ ഈ പ്രശ്നമുണ്ടെങ്കിലും പരിഹരിച്ചിട്ടില്ല. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ബലപ്പെടുത്തണമെന്നും ചെന്നെെ ഐ.ഐ.ടി റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയായില്ല.