ഓഹരി വിപണിയിലും  സംഘ‌‌ർഷസാദ്ധ്യത

Monday 23 June 2025 2:19 AM IST

കൊച്ചി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ ഓഹരിവിപണിയിലെ നിക്ഷേപക‍ർക്കും ആശങ്കയേറുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക ചേരുകയും ഇറാനിലെ ആണവനിലയങ്ങളിൽ വ്യോമാക്രണം നടത്തുകയും ചെയ്തത് ആഗോളതലത്തിൽ ഓഹരിവിപണികളെ ഉലച്ചേക്കും. ഇതിന്റെ ചുവടുപിടിച്ച് ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിലും ചാഞ്ചാട്ടമുണ്ടാകും. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്വർണത്തിന്റെയും അസംസ്കൃത എണ്ണയുടെയും വില കുതിച്ചുയർന്നേക്കും. ഇതും വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും. വെള്ളിയാഴ്ച നേട്ടത്തോടെയായിരുന്നു ഇന്ത്യൻ ഓഹരിവിപണിയിൽ വ്യാപാരം അവസാനിച്ചത്.

ഇറാന്റെ നീക്കങ്ങൾ നിർണായകം

സംഘർഷത്തിൽ അമേരിക്കയും ഇടപെട്ടതോടെ ഒത്തുതീർപ്പിനുള്ള സാദ്ധ്യത മങ്ങുകയാണെന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. തങ്ങളുടെ ആണവനിലയങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ. നേരിട്ടുള്ള ആക്രമണത്തിന് പകരം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനും ഗൾഫിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിക്കാനും സാദ്ധ്യതയുണ്ട്. എണ്ണക്കപ്പലുകൾ കടന്നുപോകുന്ന കടലിടുക്ക് അടച്ചുപൂട്ടുന്നതോടെ എണ്ണവില കുതിച്ചുയരാനും ലോകമെങ്ങും ദൂരവ്യാപക സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.