കാലാവധി അവസാനിച്ചു; നീക്കം ചെയ്യാൻ ബാക്കിയുള്ളത് 22,000 ക്യുബിക് മീറ്റർ മാലിന്യം

Monday 23 June 2025 12:37 AM IST

  • മാലിന്യ നീക്കത്തിന്റെ ചുമതല സ്വകാര്യ കമ്പനിയായ എസ്.എം.എസിന്
  • മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നത് 12 മുതൽ 16 കോടി രൂപ വരെ ചെലവഴിച്ച്
  • കരാർ കാലാവധി നീട്ടാൻ കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

പാലക്കാട്: നഗരസഭയുടെ കൂട്ടുപാതയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കാൻ അനുവദിച്ച സമയം അവസാനിച്ചിട്ടും നീക്കം ചെയ്യാൻ ബാക്കിയുള്ളത് 22,000 ക്യുബിക് മീറ്റർ മാലിന്യം. മേയ് 30ന് മാലിന്യം നീക്കം ചെയ്യാനാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്. ആകെ 90,437 ക്യുബിക് മീറ്റർ മാലിന്യമാണുണ്ടായിരുന്നത്. ട്രഞ്ചിംഗ് മൈതാനത്തെ കൺവെയർ ബെൽറ്റ് തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മാലിന്യനീക്കം നടന്നിരുന്നില്ല. കരാർ കാലാവധി നീട്ടാൻ കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്നാണ് പ്രവർത്തനം നിറുത്തേണ്ടി വന്നെതെന്ന് അധികൃതർ പറഞ്ഞു. പുനരുപയോഗ സാധ്യതയില്ലാത്ത ഏകദേശം 7132 ടൺ മാലിന്യം തിരുച്ചിറപ്പള്ളിയിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് കൊടുത്തയക്കുന്നുണ്ട്. നഗരസഭയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യവും തരംതിരിക്കാതെയാണ് ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയിരുന്നത്.

ബയോമൈനിംഗ് ചെയ്യുന്നത് 60 വർഷം വരെ പഴക്കമുള്ള മാലിന്യം

വർഷങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യം കഴിഞ്ഞ നവംബറിലാണ് ഇളക്കി വേർതിരിക്കാൻ ആരംഭിച്ചത്. ഡിസംബർ ഒന്നിന് യന്ത്രം ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി. 10 മുതൽ 60 വർഷമാണ് ബയോമൈനിംഗ് ചെയ്യുന്നത്. 12 മുതൽ 16 കോടി രൂപ വരെ ചെലവഴിച്ചാണ് മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നത്.

മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനം കമ്പനിയുടെ മെല്ലെപ്പോക്ക് കൊണ്ടാണ് ദീർഘിച്ചത്.

ഈ സ്ഥാപനത്തിന്റെ പ്രവർത്തന പോരായ്മ സംബന്ധിച്ച് നഗരസഭ നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. ഒരു ലക്ഷം ടണ്ണിന്റ അടുത്ത് പഴകിയ മാലിന്യമുള്ള ഇവിടെ 400 ടൺ പ്രതിദിനം സംസ്‌കരിക്കാൻ ശേഷിയുള്ള മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ വർദ്ധിപ്പിക്കാനും പ്രവർത്തന ശേഷി മെച്ചപ്പെടുത്താനും നിരവധി തവണ സർക്കാറിലേക്ക് കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളും, ഉടമ്പടിയും സർക്കാർ നേരിട്ടാണ് നടപ്പിലാക്കിയത്.

പി.സ്മിതേഷ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ.