ബി.ടെക് കാർഷിക എൻജിനിയറിംഗ് കോഴ്‌സ്
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തവനൂരിലെ കേളപ്പജി കോളേജ് ഔഫ് അഗ്രികൾച്ചറൽ എൻജിനിയറിംഗ് ആൻഡ് ഫുഡ് ടെക്‌നോളജിയിൽ കാർഷിക എൻജിനിയറിംഗ് കോഴ്‌സുകൾക്ക് അവസരം. നാലു വർഷ ബി. ടെക് പ്രോഗ്രാമാണിത്. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ കീം എൻജിനിയറിംഗ് പരീക്ഷ റാങ്ക് ലിസ്റ്റിലൂടെയാണ് പ്രവേശനം. മൊത്തം 117 സീറ്റുകളുണ്ട്. 53 സീറ്റുകൾ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിലാണ്. ബാക്കി സീറ്റുകൾ സ്റ്റേറ്റ് മെരിറ്റ് / അഖിലേന്ത്യ ക്വോട്ട വിഭാഗത്തിൽപ്പെടും.
കേരള ഇൻസ്റ്റിറ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ പതിന്നാലാം സ്ഥാനത്തുള്ള സ്ഥാപനമാണ് കേളപ്പജി കോളേജ്. കാർഷിക മേഖലയുടെ വികസനത്തിനായി എൻജിനിയറിംഗ് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. യന്ത്രവൽക്കരണം, നീർത്തടാധിഷ്ഠിത സംരക്ഷണം, ജലസേചനം, ജല നിർഗമനം, ഭക്ഷ്യസംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ കാർഷിക എൻജിനിയറിംഗിനു സാദ്ധ്യതകളുണ്ട്. ഓട്ടോമേഷൻ, എ.ഐ അധിഷ്ഠിത കോഴ്‌സുകൾ ആഗോള തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
തൊഴിൽ മേഖല
.................................
കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് സാദ്ധ്യതയുണ്ട്. കാർഷിക എൻജിനിയറിംഗ് ഇൻഡസ്ട്രി, ബാങ്കുകൾ, കൃഷി വകുപ്പ്, സർവകലാശാലകൾ, എഫ്.പി.സികൾ, എം.എസ്.എം.ഇ, ഫുഡ് പ്രോസസിംഗ് പ്ലാന്റുകൾ മുതലായവയിൽ തൊഴിൽ ലഭിക്കും. ഉപരിപഠനത്തിനായി നിരവധി ബ്രാഞ്ചുകളിൽ എം.ടെക് പ്രോഗ്രാമുകളും ഗവേഷണ സാധ്യതകളുമുണ്ട്.
സംരംഭകത്വം കാർഷിക മേഖലയിൽ കൂടുതലായി ഇപ്പോൾ പ്രവർത്തികമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി അഗ്രി എൻജിനിയറിംഗ്, ഫുഡ് എൻജിനിയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവ കൂടുതൽ സാദ്ധ്യതകൾ കൈവരിക്കുന്ന കാലമാണിത്. ബിസിനസ് ഇൻക്യൂബേറ്ററുകളും, അഗ്രി സ്റ്റാർട്ടപ്പുകളും കൂടുതലായി വരുന്നതും തൊഴിലവസര സാദ്ധ്യത വർധിപ്പിക്കുന്നു.
വിദേശത്തും അവസരം
................................
അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്‌സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപരിപഠന സാദ്ധ്യതകളുണ്ട്. വാഗണിങ്കെൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ , യു.സി ഡേവിസ്, കോർണെൽ യൂണിവേഴ്‌സിറ്റി, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്‌സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ, യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്‌സുകളുണ്ട്. ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് ഉപരിപഠന സാദ്ധ്യതകളുള്ളത്.
ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്‌കോളർഷിപ്, ഫെലിക്‌സ്, ഡി.എഫ്.ഐ.ഡി സ്‌കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകൾ വിദേശ പഠനത്തെ സഹായിക്കും.
ഓർമിക്കാൻ...
1. യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്:- യു.ജി.സി നെറ്റ് (ജൂൺ) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 25- ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റ്: ugcnet.nta.ac.in. എഡ്യുക്കേഷൻ, മലയാളം, എൻവയൺമെന്റൽ സയൻസ്, ലാ, ഫിലോസഫി തുടങ്ങിയ പരീക്ഷകൾ അന്നു നടക്കും. രാവിലെ 9 മുതൽ 12 വരെ, ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ എന്നിങ്ങനെ രണ്ടു ഷിഫ്റ്റായാണ് പരീക്ഷ. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഹാൾ ടിക്കറ്റ് പ്രിന്റൗട്ടും ഏതെങ്കിലും ഐഡന്റിറ്റി കാർഡും നിർബന്ധമാണ്.
2. ബി.സി.എ, ബി.ബി.എ പ്രവേശനം:- തിരുവനന്തപുരം എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയിൽ നാലു വർഷ ബി.സി.എ, ബി.ബി.എ പ്രോഗ്രാമുകൾക്ക് 25 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: lbscentre.in.
3. ബി.എഡ് അപേക്ഷ: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ ബി.എഡ് പ്രോഗ്രാം പ്രവേശനത്തിന് ജൂലായ് ഒന്നു വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: admissions.keralauniversity.ac.in/bed2025.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം:ഡിപ്ലോമ ഇൻ ക്ലിനിക്കൽ ഡെവലപ്മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.govൽ പ്രസിദ്ധീകരിച്ചു. പരാതികൾ 23 ന് വൈകിട്ട് 5 ന് മുൻപായി lbstvpm@gmail.com ൽ സമർപ്പിക്കണം. അന്തിമ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 62, 63, 64.