നിയമന അഴിമതി : ഇന്റർവ്യൂ മാർക്ക് വേർതിരിക്കണം; വിവരാവകാശ കമ്മിഷൻ
തിരുവനന്തപുരം: നിയമനങ്ങളിലെ അഴിമതി തടയാൻ ഇന്റർവ്യൂകളിൽ ഉദ്യോഗാർത്ഥിക്ക് ലഭിക്കുന്ന മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാൽ പകർപ്പ് നൽകണം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കണമെന്നും വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു.
ഇന്റർവ്യൂ ബോർഡംഗങ്ങൾ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്താറുള്ളുവെന്ന അധികൃതരുടെ വിശദീകരണങ്ങൾ തള്ളിയാണ് കമ്മിഷന്റെ ഉത്തരവ്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഓഫീസ് അസിസ്റ്റന്റ് നിയമനങ്ങളിൽ ക്രമക്കേടുണ്ടായെന്ന് ആരോപിച്ചും, ഇന്റർവ്യൂ സ്കോർ ഷീറ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടും നൽകിയ രണ്ടാം അപ്പീൽ തീർപ്പാക്കിയാണ് കമ്മിഷൻ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.മറ്റൊരു കേസിൽ പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായർക്ക് അസിസ്റ്റന്റ് പ്രൊഫസർ ജോലി നിഷേധിക്കാൻ എം.ജി സർവകലാശാല അധികൃതർ പറഞ്ഞത് സ്കോർഷീറ്റിൽ വിശദാംശങ്ങളില്ലെന്നാണ്. ഇത് അനാസ്ഥയോ അഴിമതിക്ക് കൂട്ടുനിൽക്കലോ ആണ്. സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.
റാങ്ക് ലിസ്റ്റിൽ
ചട്ട ലംഘനം
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ 2024ൽ നടത്തിയ ഓഫീസ് അസിസ്റ്റന്റ് നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ചട്ടലംഘനവും ക്രമക്കേടുമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഓരോ ഉദ്യോഗാർത്ഥിക്കും അഭിമുഖത്തിലെ ഓരോ ഏരിയയിലും സെഗ്‌മെന്റിലും ലഭിച്ച മാർക്കുകളുടെ വിഭജിത വിശദാംശവും ഇനംതിരിച്ച മാർക്കുകളും വ്യക്തമാക്കിയിട്ടില്ല. ഇല്ലാത്ത സ്കോർഷീറ്റും ഇനം തിരിച്ച കണക്കുമുണ്ടെന്ന് കമ്മിഷനോടു പറയുകയും അവ പരാതിക്കാരന് നൽകാതെ നൽകിയെന്ന് എഴുതി അറിയിക്കുകയും ചെയ്ത വിവരാധികാരി റിനു സാം കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുകയും കമ്മിഷന്റെ ഉത്തരവ് ദുർവ്യാഖ്യാനിക്കുകയും ചെയ്തു. ഇതിനുള്ള വിശദീകരണം ജൂൺ 23നകം സമർപ്പിക്കണമെന്നും ജൂൺ 26ന് കമ്മിഷൻ ആസ്ഥാനത്ത് നേരിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.