കാടുകയറാതെ കാട്ടാന, തളികക്കല്ലിൽ ആശങ്ക
മംഗലംഡാം: എപ്പോൾ വേണമെങ്കിലും കാട്ടാന വീട്ടുമുറ്റത്തെത്തുമെന്ന ഭീതിയിലാണ് തളികക്കല്ല് ആദിവാസി ഉന്നതിയിലെ കുടുംബങ്ങൾ. കഴിഞ്ഞ ഒരാഴ്ചയക്കിടെ നാല് ദിവസം കാട്ടാനക്കൂട്ടം ഉന്നതിക്കുസമീപമെത്തി. കടപ്പാറ-തളികക്കല്ല് റോഡിൽ പോത്തൻതോട് പാലത്തിനുസമീപം പതിവായി ആനയെ കാണാറുണ്ടെന്ന് ഊരുനിവാസികൾ പറഞ്ഞു. മുമ്പ് വല്ലപ്പോഴും മാത്രമാണ് തളിക്കക്കല്ല് ഭാഗത്ത് കാട്ടാന വന്നിരുന്നതെന്നും ഇപ്പോൾ ഇടക്കിടെ വരാറുണ്ട്. ശല്യം രൂക്ഷമാകുമ്പോൾ മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരും പ്രദേശവാസികളും ചേർന്ന് കാട്ടാനയെ വനത്തലേക്ക് കയറ്റിവിടുമെങ്കിലും വീണ്ടും ആന ഇറങ്ങും. 56 കുടുംബങ്ങളാണ് തളികക്കല്ലിൽ ഉള്ളത്. അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. കാട്ടാനപ്പേടി മൂലം വൈകുന്നേരമായാൽ ഓട്ടം വിളിച്ചാൽ വണ്ടികൾ വരാത്ത സ്ഥിതിയുമുണ്ട്. തളികക്കല്ലിനു സമീപമുള്ള സ്വകാര്യ വ്യക്തികളുടെ കൃഷിയടത്തിൽ ആനയിറങ്ങി വിളകളും നശിപ്പിക്കുന്നുണ്ട്.
കടപ്പാറ തളികക്കല്ല് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്ന് 2022ൽ വണ്ടാഴി ഗ്രാമപ്പഞ്ചായത്തധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ലൈറ്റുകൾ സ്ഥാപിച്ചാൽ അല്പം ആശ്വാസമാകും. ലൈറ്റ് സ്ഥാപിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി വൈകുകയാണ്.
ബീന ഷാജി, വണ്ടാഴി ഗ്രാമപ്പഞ്ചായത്തംഗം.
തെരുവുവിളക്കിനുള്ള ലൈനുകൾ വലിച്ചിരുന്നെങ്കിലും മരക്കൊമ്പ് വീണ് പൊട്ടുകയായിരുന്നു. തകരാർ പരിഹരിച്ച് തുടർനടപടി സ്വീകരിക്കും.
കെ.എൽ.രമേഷ്, വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.
കാട്ടാനയിറങ്ങുന്നത് തടയുന്നതിനായി തളികക്കല്ല് ഊരിനുചുറ്റും സോളാർ വേലി സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. ഉടൻ ജോലികൾ തുടങ്ങും.
കെ.എ.മുഹമ്മദ് ഹാഷിം, വനംവകുപ്പ് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ.