മന്നത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ഭാരതാംബ എൻ.എസ്.എസിന്റെ യോഗാദിന പരിപാടി റദ്ദാക്കി

Monday 23 June 2025 12:05 AM IST

മാള: മന്നത്ത് പത്മനാഭന്റെ ഫോട്ടോയ്‌ക്കൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് കുഴൂർ തിരുമുക്കുളത്തെ അന്താരാഷ്ട്ര യോഗദിന പരിപാടികൾ റദ്ദാക്കി. തിരുമുക്കുളം എൻ.എസ്.എസ് കരയോഗവും ഐശ്വര്യ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി എൻ.എസ്.എസ് ഭജന മണ്ഡപത്തിൽ ശനിയാഴ്ച വൈകിട്ട് 3.30ന് നടത്താനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. യോഗദിനാചരണ പരിപാടിയുടെ വേദിയിൽ മന്നത്ത് പത്മനാഭന്റെ ഫോട്ടോയോടൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോ വച്ചതോടെ കരയോഗം അംഗങ്ങളും പഞ്ചായത്ത് അംഗം നന്ദിത വിനോദും കോൺഗ്രസ് അനുഭാവികളും ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ,എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഇ.കെ.മോഹനൻ അടക്കമുള്ള സംഘാടകർ ഭാരതാംബയുടെ ഫോട്ടോ മാറ്റാൻ തയ്യാറായില്ല. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് യോഗം പിരിച്ചുവിടണമെന്ന് മാള പൊലീസ് സി.ഐ ഭാരവാഹികളോട് ആവശ്യപ്പെട്ടതിനെ തുടർന്ന് പരിപാടി റദ്ദാക്കാൻ സംഘാടകർ തീരുമാനിച്ചത്.