കേസെടുക്കില്ലെങ്കിൽ പരാതിക്കാരനെ അറിയിക്കണം
രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് പാടില്ല
തിരുവനന്തപുരം: പരാതിയിൽ കേസെടുക്കാൻ കഴിയില്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിന്റെ കാരണം പരാതിക്കാരനെ രേഖാമൂലം പൊലീസ് അറിയിക്കണമെന്ന് നിർദ്ദേശം. പൊലീസ് നടപടിക്രമം സംബന്ധിച്ച് സംസ്ഥാന സർക്കാർ തയ്യാറാക്കിയ പൗരാവകാശ രേഖയിലാണിത്. രാത്രിയിൽ സ്ത്രീകളുടെ അറസ്റ്റ് പാടില്ല. അറസ്റ്റ് മെമ്മോയിൽ അറസ്റ്റിലാകുന്ന വ്യക്തിയുടെ കുടുംബാംഗമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ഒരുക്കണം. കസ്റ്റഡിയിലുള്ളവരെ ഓരോ രണ്ടു ദിവസം കൂടുമ്പോഴും മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡ് ധരിച്ചിരിക്കണം. സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിതാ ഉദ്യോഗസ്ഥയുണ്ടാകണം. പൗരൻമാർക്ക് സ്റ്റേഷനിൽ പ്രവേശിക്കാനും നിയമപരമായ സേവനം ഉറപ്പാക്കാനും അവകാശമുണ്ടെന്നും രേഖയിൽ പറയുന്നു.