ഇന്ന് ലോക ടൈപ്പ്റൈറ്റർ ദിനം: താളം നിലച്ച് ടൈപ്പ് റൈറ്ററുകൾ
കൊല്ലം: എൺപതുകളുടെ ആദ്യ പകുതിയിൽ ജനിച്ചവർക്ക് ടൈപ്പ്റൈറ്റർ വെറുമൊരു യന്ത്രമല്ല, വികാരമാണ്; ഒരു നൊസ്റ്റാൾജിയ. ഒരു കാലത്ത് എസ്.എസ്.എൽ.സി കഴിഞ്ഞാൽ ടൈപ്പ്റൈറ്റിംഗ് പഠനം എന്നത് നാട്ടുനടപ്പായിരുന്നു. മകളെ വിവാഹം കഴിക്കാൻ വരുന്നവരോട് അഭിമാനത്തോടെ മാതാപിതാക്കൾ പറയും: "മോളിപ്പോ ടൈപ്പിന് പഠിക്യാ." ഏതാണ്ട് 30 വർഷം മുൻപ് വരെ ഈ വാക്കുകൾക്ക് വലിയ മൂല്യമുണ്ടായിരുന്നു. ടൈപ്പിംഗ് ഒരു തൊഴിൽ വൈദഗ്ദ്ധ്യം മാത്രമല്ല, ഒരു സാമൂഹിക അംഗീകാരം കൂടിയായിരുന്നു അന്ന്.
എന്നാലിന്ന് സ്ഥിതിയാകെ മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങളുള്ള കമ്പ്യൂട്ടറുകൾ ലോകം അടക്കി ഭരിക്കാൻ തുടങ്ങിയതോടെ, കേരളത്തിലെ ആയിരക്കണക്കിന് ടൈപ്പ്റൈറ്റിംഗ് സ്ഥാപനങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. നിലവിലുള്ളവയാകട്ടെ, അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ടൈപ്പ്റൈറ്റിംഗ് പഠിക്കുന്നവർ ഏറെക്കുറെ ഇല്ലാതായെങ്കിലും, ഇപ്പോഴും ജോലിയോഗ്യതയുടെ കോളങ്ങളിൽ ടൈപ്പ്റൈറ്റിംഗ് (ഹയർ) എന്ന് തെളിയുന്ന തസ്തികകൾ നിലനിൽക്കുന്നു. ക്ലറിക്കൽ തസ്തികയിലേക്കും ടൈപ്പിസ്റ്റ് തസ്തികയിലേക്കുമുള്ള പി.എസ്.സി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായാണ് ഉദ്യോഗാർത്ഥികൾ ഇപ്പോൾ ടൈപ്പ്റൈറ്റിംഗ് പഠിക്കാനെത്തുന്നത്. ഇംഗ്ലീഷ് - മലയാളം ലോവർ ഗ്രേഡ്, ഇംഗ്ലീഷ് ഹയർ ഗ്രേഡ് യോഗ്യതകളാണ് ഇതിനായി പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചില പരീക്ഷകൾക്ക് ഹിന്ദി ടൈപ്പ്റൈറ്റിംഗ് യോഗ്യതയായി പരിഗണിക്കുന്നുണ്ട്.
ടൈപ്പ്റൈറ്ററിന്റെ ജന്മദിനം
അമേരിക്കൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ലാതം ഷോൾസിന് ടൈപ്പ്റൈറ്ററിന് പേറ്റന്റ് കിട്ടിയത് 1868 ജൂൺ 23നാണ്. ആ നിലയ്ക്ക്, ടൈപ്പ്റൈറ്റർ പിറന്നിട്ട് ഇന്ന് 157 വർഷമാകുന്നു. 1868ന് മുമ്പ് പലരും വ്യത്യസ്ത ടൈപ്പ്റൈറ്ററുകളുടെ പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിച്ചിരുന്നെങ്കിലും, വാണിജ്യപരമായി വിപണനം ചെയ്യപ്പെട്ട ആദ്യത്തെ ടൈപ്പ്റൈറ്റർ ക്രിസ്റ്റഫർ ഷോൾസിന്റേതായിരുന്നു. 1955ൽ മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഷീർവാളിൽ ഗോദ്റേജ് കമ്പനി ടൈപ്പ്റൈറ്റർ ഫാക്ടറി ആരംഭിച്ചു. ലോകത്താകമാനം ഇവിടെ നിന്നുള്ള ടൈപ്പ്റൈറ്ററുകൾക്ക് വലിയ പ്രിയമായിരുന്നു. എന്നാൽ 2013ഓടെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചു.
ഓഫീസ് പ്രവർത്തനങ്ങളിൽ ടൈപ്പിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തി ക്ലാർക്കിനും ടൈപ്പിസ്റ്റിനും തുല്യപ്രാധാന്യം നൽകി ക്ലാർക്ക്-ടൈപ്പിസ്റ്റ്, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നീ തസ്തികൾ വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ടൈപ്പ് റൈറ്റിംഗ് മേഖല വീണ്ടും സജീവമാകും.
മനാസ്, ജനറൽ സെക്രട്ടറി,
കെ.ജി.ടി ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ഫെഡറേഷൻ