ആഗോള സാമ്പത്തിക മാന്ദ്യം: ക്രൂഡോയിൽ വില താഴേക്ക്

Sunday 15 September 2019 5:07 AM IST

ന്യൂഡൽഹി: ആഗോള സമ്പദ്‌സ്ഥിതി കൂടുതൽ മോശമാകുമെന്ന വിലയിരുത്തലുകൾ ക്രൂഡോയിലിന് തിരിച്ചടിയാകുന്നു. ക്രൂഡ് വില ഇന്നലെ 16 സെന്റ് നഷ്‌ടവുമായി ബാരലിന് 60.22 ഡോളറിലെത്തി. യു.എസ്. ക്രൂഡ് വില 24 സെന്റ് താഴ്‌ന്ന് 54.85 ഡോളറായി. കഴിഞ്ഞവാരം ബ്രെന്റ് വില 2.1 ശതമാനം യു.എസ് ക്രൂഡ് വില മൂന്നു ശതമാനവുമാണ് ഇടിഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പദ്‌ശക്തികളായ അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം നിലയ്ക്കാത്തതാണ് ആഗോള സമ്പദ്‌സ്ഥിതിയെ ബാധിക്കുന്നത്. അതേസമയം,​ വിപണിയിലേക്ക് ഡിമാൻഡിനേക്കാൾ കൂടുതൽ എണ്ണ എത്തുന്നതും (സർപ്ളസ്)​ വിലയെ താഴേക്ക് നയിക്കുന്നുണ്ട്. ഉത്‌പാദനം നിയന്ത്രിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് രാഷ്‌ട്രങ്ങളും റഷ്യയുടെ നേതൃത്വത്തിൽ ഒപെക് ഇതര രാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ,​ അമേരിക്ക ഇതിന് വിരുദ്ധമായി ഉത്‌പാദനം കൂട്ടിയതാണ് സർപ്ളസിന് വഴിയൊരുക്കിയത്.

കുതിപ്പില്ലാതെ പെട്രോൾ,​ ഡീസൽ വില

രാജ്യാന്തര ക്രൂഡോയിൽ വില നഷ്‌ടം നേരിടുകയാണെങ്കിലും ഇന്ത്യയിൽ പെട്രോൾ,​ ഡീസൽ വില നിർജീവമാണ്. ഈമാസം ഒന്നിന് പെട്രോൾ വില (തിരുവനന്തപുരം)​ ലിറ്ററിന് 75.36 രൂപയും ഡീസലിന് 70.23 രൂപയുമായിരുന്നു. ഇന്നലെ പെട്രോൾ വില 75.34 രൂപ. ഡീസൽ വില 70.38 രൂപ.