ഒളിമ്പിക് ദിനാഘോഷം : കൂട്ടയോട്ടം ഇന്ന്
തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും കൂട്ടയോട്ടം നടത്തും. തിരുവനന്തപുരത്ത് വൈകിട്ട് നാലിന് മാനവീയം വീഥിയിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്കുള്ള കൂട്ടയോട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി. ടി. ഉഷ, മന്ത്രിമാരായ വി. ശിവൻകുട്ടി, എം. ബി. രാജേഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ അനു കുമാരി, കായിക ഡയറക്ടർ വിഷ്ണുരാജ്, ഒളിംപ്യൻമാർ, അർജുന അവാർഡ് ജേതാക്കൾ, പ്രശസ്ത സ്പോർട്സ് താരങ്ങൾ, കായിക സംഘാടകർ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുമുള്ള 25,000 ത്തോളം പേർ പങ്കെടുക്കും. എല്ലാ ജില്ലകളിലുമായി 2 ലക്ഷത്തോളം പേർ പങ്കാളികളാകും.
ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ കായികമത്സരങ്ങൾ, സ്കൂൾ/ കോളേജ് കുട്ടികളുടെ കലാപരിപാടികൾ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ പരിപാടികൾ, രക്തദാന ക്യാമ്പ്, മുൻ കായിക താരങ്ങളുടെ പുനഃസമാഗമം, ചിത്രരചനാ മത്സരം, ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും.