സാംസ്‌കാരിക നായകരിൽ പലരും നിലപാട് മാറ്റുന്നു: സണ്ണി ജോസഫ് 

Monday 23 June 2025 1:04 AM IST

കോഴിക്കോട്: അവാർഡുകൾക്ക് വേണ്ടി സാംസ്‌കാരിക നായകരിൽ പലരും നിലപാടുകളിൽ വെള്ളം ചേർക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. മുൻമന്ത്രി എ സുജനപാൽ അനുസ്മരണവും സാഹിത്യപുരസ്‌കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവാർഡുകൾ അന്വേഷിച്ചും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും നിലപാടുകളിൽ കൃത്രിമം കാണിക്കുന്നവരായി ചില സംസ്‌കാരിക നായകർ മാറിയത് ഖേദകരമാണ്. അതിൽ നിന്ന് വ്യത്യസ്തനാണ് ഡോ. എം എൻ കാരശേരി. സത്യസന്ധമായ നിലപാടുകൾ സ്വീകരിക്കുന്നയാളാണെന്നും കാരശേരി മാഷ് വിശ്വസിക്കുന്നത് സത്യത്തിലാണെന്നും സണ്ണിജോസഫ് അഭിപ്രായപ്പെട്ടു. സുജനപാൽ സാഹിത്യ പുരസ്‌കാരം എം എൻ കാരശേരിയ്ക്ക് സണ്ണിജോസഫ് സമർപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്, അഡ്വ. കെ ജയന്ത് തുടങ്ങിയവർ പ്രസംഗിച്ചു.