ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാനയാക്രമണം: ഒരാൾക്ക് പരിക്ക്

Monday 23 June 2025 1:06 AM IST

ചാലക്കുടി: പെരിങ്ങൽക്കുത്ത് കാട്ടിൽ ട്രക്കിംഗ് സംഘത്തിന് നേരെയുണ്ടായ കാട്ടാനയാക്രമണത്തിൽ യുവാവിന് പരിക്ക്. ഇരിങ്ങാലക്കുട പാറപ്പുറത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകൻ മനുവിനാണ് (32) തലയ്ക്ക് പരിക്കേറ്റത്. ഇയാളെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. വാഴച്ചാലിൽ നിന്നും വലപാലകരുടെ ജീപ്പിലാണ് ഏഴംഗസംഘം ട്രക്കിംഗിന് പോയത്. പെരിങ്ങൽക്കുത്ത് ഡാമിന് സമീപം ജീപ്പ് നിറുത്തിയ ശേഷം നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ആറ് കിലോമീറ്റർ അകലെ കാരാന്തോട് വച്ച് രണ്ട് ആനകൾ സംഘത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മുന്നോട്ട് പാഞ്ഞെത്തിയ ആനയെ കണ്ട് ഇവർ ചിതറിയോടി. ഇതിനിടെ മനുവിനെ തുമ്പിക്കൈ കൊണ്ട് ആന തട്ടി താഴേക്ക് ഇടുകയായിരുന്നു. ഇതിനിടെ ഗൈഡും ഡ്രൈവറും ചേർന്ന് ഒച്ച വച്ചപ്പോൾ ആനകൾ കാട്ടിലേക്ക് തിരികെക്കയറിയത്.