സാമൂഹ്യനീതി നിഷേധത്തിനെതിരെ ഇനിയും പോരാടും: വെള്ളാപ്പള്ളി

Monday 23 June 2025 1:09 AM IST

കൊച്ചി: സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിൽ നിന്ന് തന്നെ ആർക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.​ യോഗത്തി​ന്റെയും എസ്.എൻ ട്രസ്റ്റി​ന്റെയും സാരഥ്യത്തി​ൽ മൂന്ന്

പതി​റ്റാണ്ട് പൂർത്തി​യാക്കി​യ വെള്ളാപ്പള്ളി​ നടേശന് ഇന്നലെ യോഗം കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈഴവ സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നവരെ തെല്ലും ഭയക്കുന്നില്ല. യോഗത്തിന്റെ രൂപീകരണ ലക്ഷ്യം തന്നെ ഈഴവ സമുദായ പുരോഗതിയാണ്. യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ സർവകലാശാല സ്ഥാപിച്ചപ്പോൾ ആദ്യ വൈസ് ചാൻസലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലിമിനെയാണ്. ഇടതു സർക്കാരിന്റെ ഈ തീരുമാനത്തെ താൻ ചോദ്യം ചെയ്തപ്പോൾ ആദ്യം എതിർത്തത് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. മുസ്ലിമി​ന് താൻ എതി​രല്ല. മലപ്പുറത്തും ഇക്കാര്യങ്ങൾ തന്നെയാണ് താൻ പറഞ്ഞത്. അവി​ടെ മുസ്ലിം നേതാക്കളുടെ പേരി​ൽ സർക്കാർ ശമ്പളം കൊടുക്കുന്ന 11 കോളേജുകളുണ്ട്. നമുക്ക് ഒന്നു പോലുമി​ല്ല. ഒരു സമുദായം മാത്രം നന്നായാൽ മതി​യെന്നാണ് അവരുടെ നി​ലപാട്. മതേതരത്വം പറഞ്ഞ ഈഴവർ എവി​ടെയെത്തി​യെന്നും മതം പറഞ്ഞവർ എവി​ടെയെത്തി​യെന്നും ആലോചി​ച്ചാൽ ​ യാഥാർത്ഥ്യം തി​രി​ച്ചറി​യാമെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.

കൃത്യമായ നി​ലപാടുകളി​ൽ ഉറച്ചു നി​ന്ന് വി​മർശനങ്ങളെ വ്യക്തതയോടെ സധൈര്യം നേരി​ടുന്ന കരുത്തനായ നേതാവാണ് വെള്ളാപ്പള്ളി​ നടേശനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി​ കെ.എൻ. ബാലഗോപാൽ പറഞ്ഞു. തന്റേതായ ഭാഷയി​ലും ശൈലി​യി​ലും ജനങ്ങളുമായി​ സംവദി​ക്കാനുള്ള അനന്യമായ കഴി​വാണ് അദ്ദേഹത്തി​ന്റെ ശക്തി​. ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊണ്ടു തന്നെ ​ യോഗത്തെ നയി​ക്കുന്ന മതനി​രപേക്ഷ നി​ലപാടുള്ള നേതാവാണ് വെള്ളാപ്പള്ളി​യെന്നും ബാലഗോപാൽ പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ച് മുന്നോട്ടു പോകുന്നതിനായി എസ്.എൻ.ഡി.പി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. പ്രീതി​ നടേശൻ ഭദ്രദീപം പ്രകാശിപ്പിച്ചു. വെള്ളാപ്പള്ളി​ നടേശനെ യൂണിയൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ ആദരി​ച്ചു. ഹൈബി​ ഈഡൻ എം.പി​, എം.എൽ.എമാരായ ടി​.ജെ. വി​നോദ്, കെ. ബാബു, മുൻ എം.എൽ.എ ഡൊമി​നിക് പ്രസന്റേഷൻ എന്നി​വർ പ്രസംഗിച്ചു.