മുകുൾ റോത്തഗിക്കും ഹാരിസ് ബീരാൻ എം.പിക്കും പുരസ്‌കാരം

Monday 23 June 2025 1:12 AM IST

ന്യൂഡൽഹി : നിയമ മേഖലയിലെ സ്‌തുത്യർഹമായ സംഭാവനകൾക്ക് യു കെ - ഇന്ത്യ ലീഗൽ ഫോറം ഏർപ്പെടുത്തിയ പുരസ്‌കാരം സുപ്രീംകോടതിയിലെ മുതി‌ർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും അഡ്വ. ഹാരിസ് ബീരാൻ എം.പിയും ഏറ്റുവാങ്ങി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണ് മുൻ അറ്റോർണി ജനറൽ കൂടിയായ മുകുൾ റോത്തഗിക്ക് നൽകിയത്. അഭിഭാഷകനായിരിക്കെ പാർലമെന്റ് അംഗമാവുകയും നിയമനിർമ്മാണ മേഖലയിൽ കഴിവ് തെളിയിക്കുകയും ചെയ്‌തതിന് 'എക്‌സലൻസ് ഇൻ പൊളിറ്റിക്കൽ ആൻഡ് പബ്ലിക് ലൈഫ്' പുരസ്‌കാരമാണ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനെ തേടിയെത്തിയത്. ലണ്ടനിലെ പാ‌ർലമെന്റ് ഉപരിസഭയായ ഹൗസ് ഒഫ് ലോർഡ്സിലായിരുന്നു ചടങ്ങ്. ഇന്ത്യയും യു.കെയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ നിയമവിദഗ്ദ്ധരുടെയും അഭിഭാഷകരുടെയും സംഭാവനകൾ അനിവാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കേന്ദ്ര നിയമ സെക്രട്ടറി ഡോ. അഞ്ജു രതി റാണ, ബ്രിട്ടീഷ് പാർലമെന്റ് അംഗം റമീന്ദർ രംഗർ, ഓസ്‌ട്രേലിയൻ സുപ്രീംകോടതി ജഡ്‌ജി റോബർട്ട് വാൻസ്, യു കെ - ഇന്ത്യ ലീഗൽ ഫോറം പ്രസിഡന്റ് അജിത് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.