കടുവയിറങ്ങി, കച്ചവടം മുടങ്ങി: സക്കീനയും കുടുംബവും പട്ടിണിയിലേക്ക്

Monday 23 June 2025 2:14 AM IST

കാളികാവ്: കാളികാവിലിറങ്ങിയ കടുവയെക്കൊണ്ട് നാടിന് ദുരിതം ചില്ലറയല്ല. ധൈര്യപൂർവ്വം ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ നിരവധി പേരുടെ തൊഴിലും വരുമാനവും നിലച്ചു.

കച്ചവടം കൊണ്ട് ഉപജീവനം കഴിച്ചിരുന്ന വിധവയായ എഴുപതേക്കറിലെ ഓടലരിക സക്കീന ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് ഉദാഹരണമാണ്. കടയിൽ കച്ചവടം നടക്കാത്തതാണ് സക്കീനയേയും കുടുംബത്തേയും പട്ടിണിയിലാക്കുന്നത്. കഴിഞ്ഞ 30 വർഷത്തോളമായി സക്കീന എഴുപതേക്കറിൽ പലചരക്കുകടയും ചായക്കടയും നടത്തി വരികയാണ്.എഴുപതേക്കർ ഭാഗത്തെ ഇരുപതോളം തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന ഇരുന്നൂറോളം പേരെ ആശ്രയിച്ചായിരുന്നു കച്ചവടം. ഒരു മാസത്തിലേറെയായി കടുവാ പേടിയിൽ ഒരു തോട്ടത്തിലേക്കും ജോലിക്ക് ആരും വരാത്തതിനാൽ കച്ചവടം നടക്കുന്നില്ല. ടാപ്പിംഗുകാർ, മരംമുറിക്കാർ, ലോഡിംഗ് തൊഴിലാളികൾ,​ കാടുവെട്ടുകാർ തുടങ്ങി ഓരോദിവസവും ധാരാളം പേർ എത്തിയിരുന്ന ഇവിടെ ഇപ്പോൾ പത്തു പേർ പോലും വരുന്നില്ല. ഇവിടെ കുടുംബങ്ങളുമായി വീട് വച്ച് താമസിച്ചിരുന്നവരും കുടിയൊഴിഞ്ഞു പോയി.പിന്നീട് തൊഴിലാളികളെ മാത്രം ആശ്രയിച്ചായിരുന്നു കച്ചവടം. ഇപ്പോൾ മലയോരത്തിലെ യാതൊരു ജോലിക്കും ആളെ കിട്ടാത്ത അവസ്ഥയാണ്.കഴിഞ്ഞ മാസം തൊഴിലാളിയെ കടുവ കൊന്നതോടെയാണ് മലയോരത്തിന്റെ കഷ്ടകാലത്തിന്റെ തുടക്കം. ആളെ കൊന്ന സംഭവത്തിനു ശേഷം മേഖലയിൽ പലയിടങ്ങളിലായി കടുവയെ നേരിട്ടുകാണുകയും മൃഗങ്ങളെ കൊല്ലുകയും ചെയ്തതോടെ മലയോരം വീണ്ടും ഒറ്റപ്പെട്ട നിലയിലാണ്.