നിലമ്പൂർ ആർക്കൊപ്പം? ഉപതിരഞ്ഞെടുപ്പ് ഇന്ന്

Monday 23 June 2025 2:15 AM IST

മലപ്പുറം: വീറും വാശിയും നിറഞ്ഞു നിന്ന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുമ്പോൾ വിജയം ഉറപ്പെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. വോട്ട് വർദ്ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ പറയുന്നത്. അൻവർ പിടിക്കുന്ന വോട്ടുകൾ എത്രത്തോളം ഇരുകൂട്ടരേയും ബാധിക്കുമെന്ന് കണ്ടറിയാം.

2021ലെ നിലമ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 76.60 ശതമാനമായിരുന്ന നിലമ്പൂരിലെ വോട്ടിംഗ് ശതമാനം ഇത്തവണ 75.87 ആണ്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. 1,403 പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലൂടെ 163, വീട്ടിലെ വോട്ടിലൂടെ 1,206 ( ഭിന്നശേഷിക്കാർ-310, മുതിർന്ന പൗരന്മാർ-896), സർവീസ് വോട്ട്- 34 എന്നിങ്ങനെയാണിത്. 1,74,667 പേരാണ് ബൂത്തിലെത്തി വോട്ട് ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിംഗ്‌. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലെ ആദ്യ നിലയിൽ സ്‌ട്രോംഗ് റൂമും രണ്ടാം നിലയിൽ കൗണ്ടിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. സ്‌ട്രോംഗ് റൂമുകളിൽ നിന്ന് കൗണ്ടിംഗ് ഹാളിലേക്ക് കൊണ്ടുവരുന്നതിന് റണ്ണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എട്ടിന് കൗൗണ്ടിംഗിനുള്ള കൺട്രോൾ യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളുകളിൽ വിതരണം ചെയ്യും.

വഴിക്കടവ് പഞ്ചായത്തിലെ ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യമെണ്ണുക. കൂടുതൽ ബൂത്തുകളുള്ളത് വഴിക്കടവ് പഞ്ചായത്തിലാണ്. തുടർന്ന് മൂത്തേടം പഞ്ചായത്ത്, കരുളായി പഞ്ചായത്ത്, എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ, അമരമ്പലം പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണുക.

ആകെ 10 സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം.സ്വരാജ് (എൽ.ഡി.എഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻ.ഡി.എ) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. കത്രിക അടയാളത്തിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായും എസ്.ഡി.പി.ഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരിച്ചു.

.

വോട്ടിംഗ് ശതമാനം - 75.87

ഇന്ന് അവധി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള മാർത്തോമാ കോളേജിനും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് അവധി നൽകിയത്.