നിലമ്പൂരിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് വി എസ് ജോയ്, ബിജെപിയ്‌ക്ക് ഇത്തവണ വോട്ട് കൂടുതൽ ലഭിക്കുമെന്ന് മോഹൻ ജോർജ്
മലപ്പുറം: എം സ്വരാജോ അതോ ആര്യാടൻ ഷൗക്കത്തോ ആരാകും നിലമ്പൂരിന്റെ പുതിയ സാരഥി? പി വി അൻവറിന്റെ സാന്നിദ്ധ്യം മുന്നണികൾക്ക് ഭീഷണിയാകുമോ? ഈ ചോദ്യങ്ങൾക്ക് മറുപടി അറിയാൻ ഇനി ഒരു മണിക്കൂർ മാത്രം സമയം മതി. രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാകാൻ ഇനി ഒരേയൊരു മണിക്കൂറിൽ താഴെ ദൂരം.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂളിൽ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ഏഴര മണിയോടെ സ്‌ട്രോംഗ് റൂമുകൾ തുറക്കും. വോട്ടെണ്ണിക്കഴിഞ്ഞ ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച കൗണ്ടിംഗ് ബൂത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
8.10ഓടെ മണ്ഡലത്തിലെ ട്രെൻഡ് അറിയാനാകും. യുഡിഎഫ് ഏറെ പ്രതീക്ഷവച്ചു പുലർത്തുന്ന പഞ്ചായത്തായ വഴിക്കടവിൽ 1500 വോട്ട് അവർ നേടിയാൽ മണ്ഡലം ഷൗക്കത്തിനൊപ്പമെന്ന് കരുതാനാകും. അതല്ലാത്ത പക്ഷം ശക്തമായ പോരാട്ടത്തിനാകും രാഷ്‌ട്രീയ കേരളം സാക്ഷിയാകുക. അതേസമയം വഴിക്കടവിൽ അൻവറിന് സ്വാധീനമുള്ള മേഖലകളുമുണ്ട് എന്നത് ശ്രദ്ധേയമാണ്.
നിലമ്പൂരിൽ യുഡിഎഫിന് ജയം ഉറപ്പാണെന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. 20000 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അതേസമയം ബിജെപിയ്‌ക്ക് ഇത്തവണ വോട്ട് കൂടുതൽ ലഭിക്കുമെന്നും മലയോര കുടിയേറ്റ മേഖലയിൽ നല്ല ഉണർവുണ്ടാക്കാൻ ബിജെപിക്കായെന്നും സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പറഞ്ഞു.