നിലമ്പൂരിൽ ആദ്യ ലീഡ് ആര്യാടൻ ഷൗക്കത്തിന്, ആഘോഷം തുടങ്ങി യുഡിഎഫ് അണികൾ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആദ്യഫലസൂചനകൾ വന്നുതുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർത്തപ്പോൾ 26 വോട്ടുകളുടെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടി. തൊട്ടുപിന്നാലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഷൗക്കത്ത് ലീഡ്‌നില 39 ആയി ഉയർത്തി. ആദ്യ റൗണ്ട് വോട്ടുകൾ കൂടുതൽ എണ്ണിയതോടെ 500ലധികമായി ആര്യാടൻ ലീഡ് നില മെച്ചപ്പെടുത്തി. നിലവിൽ ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂലമാണെന്ന സൂചനയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചതായാണ് വിവരം.
ആദ്യ റൗണ്ട് ഫലസൂചന ഇങ്ങനെ:
മോഹൻ ജോർജ് (ബിജെപി)-401
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-3614
സ്വരാജ് (എൽഡിഎഫ്)-3195
പി വി അൻവർ-1588
ലീഡ്- ഷൗക്കത്ത്-419
നിലവിൽ യുഡിഎഫിനും പി വി അൻവറിനും മേൽക്കൈയുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ റൗണ്ടിലെ ആദ്യ ടേബിൾ എണ്ണുമ്പോൾ രണ്ടാം സ്ഥാനത്ത് പി വി അൻവറിനാണ് ലഭിച്ചത്. ഇടത് സ്ഥാനാർത്ഥി എം സ്വരാജ് മൂന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. ഏഴര മണിയോടെ സ്‌ട്രോംഗ് റൂം തുറന്ന് സജ്ജീകരണങ്ങൾ കൃത്യമെന്ന് ഉറപ്പാക്കിയിരുന്നു. കൃത്യം എട്ട് മണിയ്‌ക്ക് തന്നെ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി സ്‌കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു.