ആദ്യ മൂന്ന് റൗണ്ടിലും മുന്നിലെത്തി ഷൗക്കത്ത്, യുഡിഎഫിന്റെ നിർണായക വോട്ടുകൾ പിടിച്ച് കരുത്തുകാട്ടി അൻവർ
നിലമ്പൂർ: ആദ്യ റൗണ്ട് മുതൽ തന്നെ തന്റെ സ്വാധീനം ജനങ്ങൾക്കിടയിലുണ്ടെന്ന് പി വി അൻവർ വ്യക്തമാക്കുന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകൾ. ആദ്യ മൂന്ന് റൗണ്ടിലും മുന്നിലെത്തിയെങ്കിലും പ്രതീക്ഷിച്ച വൻകുതിപ്പ് യുഡിഎഫിന് നേടാനായിട്ടില്ല.
നിലവിൽ ലീഡ് നില 2700 ലധികമായി ആര്യാടൻ ഷൗക്കത്ത് ഉയർത്തുമ്പോഴും അൻവറിനെ നിലമ്പൂരിൽ തള്ളിക്കളയാൻ കഴിയില്ല. വഴിക്കടവ്, മൂത്തേടം പോലെയുള്ള യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ യുഡിഎഫിന്റെ വോട്ടുകൾ പി വി അൻവറിന് ലഭിച്ചു. മൂത്തേടത്ത് ഒരു ബൂത്തിൽ എം സ്വരാജ് മുന്നിലെത്തി. ഇപ്പോൾ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണിയ ശേഷം എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലേക്ക് വോട്ടെണ്ണൽ കടക്കുമ്പോൾ ആ മുന്നേറ്റം അൻവർ തുടർന്നാൽ ഫലം ഇടത് യുഡിഎഫ് മുന്നണികൾ തമ്മിലെ ഇഞ്ചോടിഞ്ച് പോരാട്ടമാകും.
യുഡിഎഫ് കേന്ദ്രങ്ങളിൽ 5000ലധികം ലീഡ് അവർ പ്രതീക്ഷിച്ചിരുന്നിടത്താണ് ലീഡ് നില കുറഞ്ഞത്. നിലവിൽ വഴിക്കടവ് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞു. മൂത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.