വഴിക്കടവിൽ അൻവറിന്റെ ഷോക്ക്, പ്രതീക്ഷിച്ച ലീഡ് യുഡിഎഫിനില്ല; ആര്യാടൻ ഷൗക്കത്ത് മുന്നിൽ
മലപ്പുറം: ആവേശമേറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. ആദ്യം വഴിക്കടവിലെ വോട്ടാണ് എണ്ണിയത്. യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവിൽ പ്രതീക്ഷിച്ച ലീഡ് നേടാൻ ആര്യാടൻ ഷൗക്കത്തിന് കഴിഞ്ഞില്ലെന്നത് തിരിച്ചടിയാണ്. ഇവിടെ 3,000 വോട്ടിന്റെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിച്ചതെങ്കിലും അത് നേടാൻ സാധിച്ചില്ല. പിവി അൻവർ പിടിച്ച വോട്ടുകളാണ് ആദ്യ റൗണ്ടിൽ യുഡിഎഫ് പ്രതീക്ഷിച്ച മുൻതൂക്കം കുറച്ചതെന്നാണ് വിലയിരുത്തൽ.
ഇടതുസ്വതന്ത്രനായി പിവി അൻവർ മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പിലും അൻവറിനായിരുന്നു ഇവിടെ ലീഡ്. 2016ൽ ആര്യാടൻ ഷൗക്കത്തിനെതിരെ മത്സരിച്ചപ്പോൾ 2,162 വോട്ടായിരുന്നു ഇവിടെ ലീഡ്. അന്ന് 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021ൽ വിവി പ്രകാശിനെതിരെ മത്സരിച്ചപ്പോൾ വഴിക്കടവിൽ 35 വോട്ടിന്റെ മുൻതൂക്കം മാത്രമാണ് അൻവറിന് ലഭിച്ചത്. ഭൂരിപക്ഷം 2,700 ആയി കുറഞ്ഞു.
നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തും കൂടുതൽ വോട്ടർമാരുള്ളതും വഴിക്കടവിലാണ്. അൻവർ കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നതും ഇവിടെയാണ്. മുസ്ലിം ലീഗിന്റെ സ്വാധീന മേഖലയുമാണിത്. ഇവിടെ അടിപതറിയത് കൊണ്ട് 12,000 മുതൽ 15,000 വോട്ട് വരെ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടൽ പാളുമെന്ന കാര്യത്തിൽ സംശയമില്ല. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ രണ്ടാംനമ്പർ ബൂത്തിൽ വി.വി പാറ്റ് പ്രവർത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അതുവരെ പോൾ ചെയ്ത 48 വോട്ട് പരിശോധിച്ചിരുന്നു. സ്ലിപ്പുകൾ എണ്ണിയപ്പോൾ 42 വോട്ടും യു.ഡി.എഫിനായിരുന്നു.