പകുതി എണ്ണിയപ്പോഴേ 10000 വോട്ടുകൾ പിടിച്ച് ശക്തികാട്ടി അൻവർ, നേടിയത് യുഡിഎഫിന്റേതല്ല എൽഡിഎഫിന്റേതെന്ന് അവകാശവാദം

Monday 23 June 2025 11:07 AM IST

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പതിനൊന്ന് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ്‌നില 8000ലേക്ക് എത്തിച്ചിരിക്കുകയാണ്. ആദ്യ റൗണ്ട് മുതൽ മുന്നിലുള്ള ഷൗക്കത്തിന് എന്നാൽ പലപ്പോഴും യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളിൽ നിന്നും അവർ വിചാരിച്ചതുപോലെ ശക്തമായ തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല. പി വി അൻവർ ഈ പഞ്ചായത്തുകളിൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്. നിലവിൽ 13,000 വോട്ടിലധികം അൻവർ നേടിക്കഴിഞ്ഞു. യുഡിഎഫിന്റെ നിർണായക വോട്ടുകളാണ് ആദ്യ റൗണ്ടിൽ നേടിയതെങ്കിൽ പിന്നീട് എൽഡിഎഫ് ഭരിക്കുന്നപഞ്ചായത്തുകളിലും അൻവർ സ്വാധീനം വ്യക്തമാക്കുന്നുണ്ട്.

എന്നാൽ താൻ പിടിച്ചത് യുഡിഎഫിന്റെയല്ല മറിച്ച് എൽഡിഎഫിന്റെ നിർണായക വോട്ടുകളാണെന്ന് പി വി അൻവർ അവകാശവാദവുമായി എത്തിയിരിക്കുകയാണ്. നിലവിൽ യുഡിഎഫും എൽഡിഎഫും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ളത് അൻവ‌റാണ്.

പി വി അൻവർ 3000 വോട്ട് പിടിക്കുമെന്ന് പറഞ്ഞ് മണ്ഡലത്തിൽ പ്രചാരണത്തിനുവന്ന മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും തലേന്ന് രാത്രിയിൽ 8000 വരെ നേടുമെന്ന് മാറ്റിപ്പറഞ്ഞെന്ന് അൻവർ പറയുന്നു. പിണറായിസത്തിനെതിരാണ് തന്റെ പോരാട്ടം. മലയോരമേഖലയിലെ പ്രശ്‌നങ്ങൾ സംസ്ഥാനത്ത് 63 മണ്ഡലങ്ങളിൽ, 489 പഞ്ചായത്തുകളിൽ സജീവമാണ്. ഈ വിഷയങ്ങളെ അഭിമുഖീകരിക്കാതെ 2026ൽ ഒരു മുന്നണിക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാമെന്ന് കരുതിയാൽ അത് നടക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മലയോര കർഷകരെ ചേർത്ത് ശക്തമായ ഇടപെടൽ സംസ്ഥാനത്തുണ്ടാക്കും എന്നാണ് അൻവ‌ർ പറഞ്ഞത്.

അതേസമയം അൻവറിനോട് ഇനിയും ചർച്ചയാകാം എന്നുള്ള സൂചനകളാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പങ്കുവച്ചത്. യുഡിഎഫിന്റെ വോട്ടിൽ നേരിയ കുറവുണ്ടായതായി സമ്മതിച്ച അദ്ദേഹം പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ ഭൂരിപക്ഷം നേടുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.