സ്വന്തം പഞ്ചായത്തിൽപ്പോലും സ്വരാജിന് കാലിടറി; ലീഡ് നേടാനായത് ഒരു ഘട്ടത്തിൽ മാത്രം, നിലമ്പൂരിൽ തകർന്ന് എൽഡിഎഫ്
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 55,000 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജാണ് രണ്ടാം സ്ഥാനത്താണ്. സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ പോലും സ്വരാജിന് ലീഡുയർത്താനായില്ല. 800 വോട്ട് ലീഡ് നേടി യുഡിഎഫാണ് അവിടെയും മുന്നിൽ. കഴിഞ്ഞ തവണ ഇവിടെ 506 വോട്ടിന് എൽഡിഎഫ് മുന്നിലായിരുന്നു. പോത്തുകൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്.
ആദ്യ 12 റൗണ്ടിൽ ഒരു ഘട്ടത്തിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിന് മുന്നേറാനായത്. 207 വോട്ടിന്റെ ലീഡ് മാത്രമാണ് അവിടെ സ്വരാജിന് നേടാനായത്. പക്ഷേ, യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ അൻവർ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസം ഉണ്ടാക്കിയിരുന്നു. തന്റെ സാന്നിദ്ധ്യം യുഡിഎഫിന് അനുകൂലമായി എന്ന് പറഞ്ഞുകൊണ്ട് അൻവർ അൽപ്പം മുമ്പ് മാദ്ധ്യമങ്ങളെ കണ്ടിരുന്നു.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണിയത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവർ എന്നിവർ ഉൾപ്പെടെ ആകെ പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇടത് എംഎൽഎ ആയിരുന്ന പിവി അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.