'നേടിയത് പിണറായിസത്തിനെതിരായ  വോട്ട്, യുഡിഎഫ്  പ്രവേശനം ആലോചിക്കാൻ സമയമുണ്ട്': അൻവർ

Monday 23 June 2025 12:19 PM IST

നിലമ്പൂർ: പിണറായിസത്തിനെതിരായ വോട്ടാണ് താൻ പിടിച്ചിരിക്കുന്നതെന്ന് പി വി അൻവർ. എൽഡിഎഫിന്റെ ക്യാമ്പിൽ നിന്നാണ് വോട്ട് പിടിക്കുന്നത്. യുഡിഎഫിന്റെ വോട്ടാണ് താൻ പിടിക്കുന്നതെന്ന വാർത്തകൾ തെറ്റാണെന്നും അൻവർ പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.

'വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാതെ 2026ൽ ആർക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടൽ നടത്തും. 130 കർഷക സംഘടനകളുടെ കോർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അൻവർ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറുപതോളം മണ്ഡലങ്ങളിൽ സജീവമാണ്. യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാൽ അവരുമായി മുന്നോട്ടുപോകും. ഒരുപാട് സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചു. കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണുതുറന്നു കാണാൻ യുഡിഎഫ് നേതൃത്വം തയാറാകണം. യുഡിഎഫ് പ്രവേശനം ആലോചിക്കാൻ സമയമുണ്ട്. പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ് നടക്കുന്നത്'- അൻവർ പറഞ്ഞു.

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചെന്നാണ് റിപ്പോർട്ട്. 76,493 വോട്ടാണ് അദ്ദേഹം നേടിയത്. 65,061 വോട്ടുകൾ നേടി എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടാണ് അൻവർ നേടിയത്. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് 8,706 വോട്ടുമായി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.