'ബേപ്പൂരിൽ  മത്സരിക്കാം, മരുമോനിസത്തിന്റെ  അടിവേര്  അറുക്കാൻ തയ്യാർ'; റിയാസിനെതിരെ അൻവർ

Monday 23 June 2025 3:07 PM IST

നിലമ്പൂർ: യുഡിഎഫിൽ എടുത്താൽ ബേപ്പൂരിൽ മത്സരിക്കുമെന്ന് പി വി അൻവർ. മരുമോനിസത്തിന്റെ അടിവേര് അറുക്കാൻ തയ്യാറാണെന്നും അൻവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറയുന്ന നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ വ്യക്തമാക്കി.

'പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വ്യക്തി വിരോധമില്ല. അദ്ദേഹത്തിന്റെ നിലപാട് എന്നെ അപമാനിക്കുന്നതായിരുന്നു. അതാണ് ഞാൻ നേരത്തെ പറഞ്ഞത്. ഞാൻ പിടിച്ചത് എൽഡിഎഫ് വോട്ടുകളാണ്. ഞാൻ പറഞ്ഞത് വസ്തുതയാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഈ തിരഞ്ഞെടുപ്പുകൊണ്ട് കഴിഞ്ഞു. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ഇത് മനസിലാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാൻ പാർട്ടി ആവശ്യപ്പെടണം. താങ്കളെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയാൻ ആർജവം കാണിക്കണം. 2026ൽ ഇക്കാര്യം ജനം പറയും. വോട്ട് ചെയ്തും അല്ലാതെയും സഹായിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി. ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നിങ്ങൾ അർപ്പിച്ച വിശ്വാസം മരിക്കുന്നത് വരെ നിലനിർത്തും'- അൻവർ പറഞ്ഞു.

വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാതെ 2026ൽ ആർക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 130 കർഷക സംഘടനകളുടെ കോർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞു. അയ്യായിരത്തിന് അപ്പുറം വോട്ട് അൻവർ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറുപതോളം മണ്ഡലങ്ങളിൽ സജീവമാണ്. യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാൽ അവരുമായി മുന്നോട്ടുപോകും. ഒരുപാട് സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചുവെന്നും അൻവർ വ്യക്തമാക്കി.