അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിക്കും

Monday 23 June 2025 5:25 PM IST

അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം രാവിലെ ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് പത്ത് മണിയോടെ രഞ്ജിതയുടെ പത്തനംതിട്ട തിരുവല്ലയിലെ പുല്ലാടുള്ള വീട്ടിലെത്തിക്കും. ഡി എൻ എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. നിലവിൽ മൃതദേഹം അഹമ്മദാബാദിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലണ്ടനില്‍ നഴ്‌സാണ് രഞ്ജിത. അവധിക്ക് നാട്ടിലെത്തി മക്കളേയും അമ്മയേയും കണ്ട് മടങ്ങവേയാണ് ദുരന്തമുണ്ടായത്. നേരത്തെ ഒമാനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലെത്തിയത്.

ജൂൺ പതിനൊന്നിനാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എ.ഐ 171 വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണി (68 ) അടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചു. ഒരു യാത്രക്കാരൻ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസ് കുമാർ ബുചർവാദ(40) ആണ് ഏവരെയും അത്ഭുപ്പെടുത്തി അപകടത്തെ അതിജീവിച്ചത്.വലതു വശത്ത് വിമാന ചിറകിന് മുന്നിൽ ജനലിനോട് ചേർന്ന 11 എ സീറ്റിലിരുന്ന ഇദ്ദേഹത്തിന് തീപടരുന്നതിന് മുൻപ് പുറത്ത് കടക്കാൻ കഴിഞ്ഞു. കാര്യമായ പരിക്കുകളില്ലാതെ രക്ഷാപ്രവർത്തകർക്കൊപ്പം നടന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്.