കെഎല്‍ രാഹുലിന് ഫിഫ്റ്റി, ഗില്‍ പുറത്ത്; ഹെഡിംഗ്‌ലിയില്‍ 150 കടന്ന് ഇന്ത്യയുടെ ലീഡ്

Monday 23 June 2025 6:25 PM IST

ഹെഡിംഗ്‌ലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 150 കടന്നു. നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആകെ ലീഡ് 159 റണ്‍സായി ഉയര്‍ന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (8) ആണ് നാലാം ദിനം പുറത്തായ ഇന്ത്യന്‍ ബാറ്റര്‍. ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു ഇന്ത്യന്‍ നായകന്‍. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട ഓപ്പണര്‍ കെഎല്‍ രാഹുല്‍ (72*), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (31*) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡന്‍ കാഴ്‌സ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് ഒരു വിക്കറ്റ് ലഭിച്ചു. നാലാം ദിനം വളരെ നേരത്തെ തന്നെ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതോടെ പന്തും രാഹുലും ശ്രദ്ധാപൂര്‍വമാണ് ബാറ്റ് വീശിയത്. ആദ്യ സെഷനിലെ 24 ഓവറുകളില്‍ നിന്ന് വെറും 63 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 471 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്‌വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഒലി പോപ്പിന്റെ സെഞ്ച്വറിയും ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടേയും ബലത്തില്‍ 465 റണ്‍സാണ് ഇംഗ്ലണ്ട് തിരിച്ചടിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ മികച്ച് നിന്നു.